Sorry, you need to enable JavaScript to visit this website.

മാജിക് സൈക്കിൾ; മെയ്ഡ് ഇൻ കൂട്ടിലങ്ങാടി

റഊഫ് കൂട്ടിലങ്ങാടി
മുൻതദിർ


ഒറ്റനോട്ടത്തിൽ ഇതൊരു സൈക്കിളാണ്. എന്നാൽ ഓടുമ്പോൾ ബൈക്കാണ്. മലപ്പുറം കൂട്ടിലങ്ങാടിയിലെ പതിനാലുകാരന്റെ ബുദ്ധിയിലുദിച്ച ഈ സൈക്കിൾ ബൈക്ക് നാട്ടുകാർക്ക് കൗതുകമാണിപ്പോൾ.
കൂട്ടിലങ്ങാടി കടുങ്ങൂത്ത് സ്വദേശിയായ മുൻതദിറിന്റെ ലോക്ഡൗൺ കാല ബുദ്ധിയിലാണ് സൈക്കിൾ ബൈക്ക് രൂപമെടുത്തത്. ഈ വാഹനം നിർമ്മിക്കാൻ ആകെ ചെലവു വന്നത് 5500 രൂപ മാത്രമാണെന്ന് മുൻതദിർ പറയുന്നു.
പയ്യോളി ജി.യു.പി.സ്‌കൂൾ അധ്യാപകൻ പരുത്തിക്കുത്ത് ഉസ്മാന്റെയും സൗദയുടെയും നാല് മക്കളിൽ ഇളയവനായ മുൻതദിർ മക്കരപറമ്പ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.


കൂട്ടിലങ്ങാടി ജി.യു.പി.സ്‌കൂളിൽ പഠിക്കവെ കഴിഞ്ഞ വർഷം സ്‌കൂൾ ശാസ്ത്രമേളയിൽ ഓട്ടോമാറ്റിക് ഹൈഡ്രോളിക് സ്‌ട്രെക്ചറും ഹെലികാമും നിർമ്മിച്ച് എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ പിൻബലത്തിലാണ് സൈക്കിൾ ബൈക്ക് നിർമ്മിക്കുന്നതിന് പ്രചോദനമായതെന്ന് മുൻതദിർ പറയുന്നു.
പഴയ ബൈക്കിന്റെ പാർട്‌സുകളും പഴയ പൈപ്പും ഉപയോഗിച്ചായിരുന്നു നിർമ്മാണം. കാഴ്ചക്ക് സൈക്കിളിന്റെ രൂപവും എന്നാൽ ബൈക്കിന്റെ പ്രവർത്തനവും ആണ്.


സൈക്കിൾ ബൈക്കിന്റെ രൂപഘടന ആദ്യം വരച്ചുണ്ടാക്കുകയായിരുന്നു. ശേഷം പിതൃ സഹോദരൻ അബ്ബാസിന്റെ ഇന്റസ്ട്രിയൽ വർക്ഷാപ്പിൽ വെച്ച് അയൽ വീട്ടിൽ ഒഴിവാക്കിയ പഴയ ബൈക്കിന്റെ യന്ത്ര ഭാഗങ്ങൾ നന്നാക്കിയെടുത്തായിരുന്നു നിർമ്മാണം. വാട്ടർ ബോട്ടിലാണ് ഇന്ധന ടാങ്കായി ഉപയോഗിച്ചത്. 5500 രൂപ മാത്രമാണ് ചെലവു വന്നത്. മൂന്ന് ദിവസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. കുത്തനെയുള്ള കയറ്റമെല്ലാം നിഷ്പ്രയാസം കയറുന്ന ബൈക്കിന് പത്ത് കിലോമീറ്ററാണ് മൈലേജ് ഉള്ളത്. ഇനി ഇലക്ട്രിക് സൈക്കിൾ ബൈക്ക് ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ് മുൻതദിർ. ഈ വിദ്യാർഥിയുടെ കണ്ടുപിടുത്തം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലിയും പ്രദേശത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാരും മുൻതദിറിനെ വിളിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. 

Latest News