സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങളുമായി ഖത്തറിലെ ബിർള പബഌക് സ്‌ക്കൂൾ പത്താംതരം വിദ്യാർഥിനി നന്ദന ബിജുകുമാർ ശ്രദ്ധിക്കപ്പെടുന്നു. ചെറു പ്രായത്തിലേ കലയുടെ സാമൂഹ്യ ധർമം അടയാളപ്പെടുത്തുന്ന ഈ കലാകാരി പരിസ്ഥിത സ്‌നേഹത്തിന്റേയും ദുരന്തനിവാരണത്തിന്റേയും വൈവിധ്യമാർന്ന രേഖാചിത്രങ്ങളിലൂടെയാണ് കലാനിർവഹണത്തിന്റെ സ്വന്തമായ ഭൂമിക അടയാളപ്പെടുത്തുന്നത്. ടൊയോട്ട മോട്ടോർ കോർപറേഷൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പതിനാലാമത് ടൊയാട്ട ഡ്രീം കാർ കോംപറ്റീഷനിൽ മിഡിൽ ഈസ്റ്റ് ആന്റ് സെൻട്രൽ ഏഷ്യ തലത്തിൽ വിജയിച്ചതോടെയാണ് നന്ദനയുടെ ചിത്രങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.
ലോകം അഭിമുഖീകരിക്കുന്ന ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന് അടിയന്തര സാഹചര്യങ്ങളിലെ എല്ലാ മാനുഷികവശങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള വിഭവങ്ങളും ഉത്തരവാദിത്തങ്ങളും കൈകാര്യം ചെയ്യാൻ തന്റെ സ്വപ്‌ന കാറിന് കഴിയുമെന്നാണ് നന്ദന മൽസരത്തിൽ തെളിയിച്ചത്. സമകാലിക ലോകത്തിന്റെ വൈവിധ്യമാർന്ന പ്രശ്‌നങ്ങളെ കാൽപനികതയുടെ അതിരുകളില്ലാത്ത സ്വപ്‌നചരടുകളിൽ കോർത്ത് വരകളുടേയും നിറങ്ങളുടേയും സഹായത്തോടെ പ്രതീകവൽക്കരിച്ച് അവതരിപ്പിച്ചപ്പോൾ ഈ കൊച്ചുകലാകാരിയുടെ ഭാവനയും കരവിരുതും സംഘാടകരുടെ പ്രശംസ പിടിച്ചുപറ്റി.

പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളും മാനുഷിക അതിക്രമങ്ങളും ആരോഗ്യപ്രശ്‌നങ്ങളുമൊക്കെ ലോകമനസ്സാക്ഷിയെ നിരന്തരമായി നൊമ്പരപ്പെടുത്തുമ്പോൾ അവക്കൊക്കെ ശാസ്ത്രീയമായും ധാർമികമായും പരിഹാരം കാണുവാൻ തന്റെ സ്വപ്‌നവാഹനത്തിനാകുമെന്നാണ് നന്ദന വിശ്വസിക്കുന്നത്.
ലോകസമാധാനത്തിന്റേയും ശാന്തിയുടേയും ഉജ്വലമായ സന്ദേശങ്ങളടയാളപ്പെടുത്തുന്ന ഈ കൊച്ചു മിടുക്കിയുടെ ഓരോ പെയിന്റിംഗുകളും സന്ദേശപ്രധാനമാണ്. പ്രകൃതിയുടെ മനോഹാരിതയും സന്തുലിതാവസ്ഥയും നിലനിർത്തുവാനും ആവാസ വ്യവസ്ഥകൾ നശിപ്പിക്കാതെ വികസനം സാധ്യമാക്കുവാനും ആഹ്വാനം ചെയ്യുന്ന നന്ദനയുടെ പെയിന്റിംഗുകൾ പലതും സ്വയം സംസാരിക്കുന്നവയാണ്. പുകവലി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഖത്തർ പൊതുജനാരോഗ്യമന്ത്രാലയവും ആന്റി സ്‌മോക്കിംഗ് സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച ഇന്റർസ്‌ക്കൂൾ മൽസരങ്ങളിൽ ഒന്നിലധികം തവണ സമ്മാനം നേടിയ നന്ദന സമൂഹത്തിലെ ഓരോ തിന്മകൾക്കെതിരിലും തന്റെ തൂലിക ചലിപ്പിക്കണമെന്ന ആശയക്കാരിയാണ്. ജലച്ചായങ്ങളോടാണ് ഈ കലാകാരിക്ക് കൂടുതൽ കമ്പം.

കൊറോണമുക്ത ലോകത്തെക്കുറിച്ച സുന്ദരമായ സ്വപ്‌നങ്ങൾ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളവസാനിപ്പിക്കാനുള്ള ആഹ്വാനം, പ്രകൃതിയുടെ വരദാനങ്ങളെ വരും തലമുറക്കായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയൊക്കെ നന്ദനയുടെ പെയിന്റിംഗുകൾക്ക് വിഷയമാണ്. പുഴകളും പ്രകൃതിയും ദൃശ്യ വിസ്മയം തീർക്കുന്ന ഗ്രാമ ഭംഗിയുടെ അനശ്വര ഓർമകൾ അവിസ്മരണീയമാക്കുന്ന നന്ദനയുടെ പെയിന്റിംഗുകൾ ആശയതലത്തിലും നിർവഹണത്തിലും മികവ് പുലർത്തുന്നവയാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഊഷ്മളമായ ബന്ധം നിലനിൽക്കുമ്പോഴാണ് ജന്തുക്കളും പക്ഷികളും പ്രകൃതിരമണീയതയുമൊക്കെ നമ്മുടെ ഗ്രാമങ്ങളുടെ തിലകക്കുറികളായി നിത്യവിസ്മയം തീർക്കുക.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശിയായ ബിജുകുമാറിന്റേയും ഡോ. സ്മിതയുടേയും സീമന്ത പുത്രിയായ നന്ദന ജനിച്ചത് നാട്ടിലാണെങ്കിലും വളർന്നത് മുഴുവൻ ഖത്തറിലാണ്. കെ.ജി. മുതൽ ബിർള പബഌക് സ്‌ക്കൂൾ വിദ്യാർഥിനിയായ നന്ദന പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആറാം വയസ്സ് മുതലേ വരകളോട് ആഭിമുഖ്യം പുലർത്തിയിരുന്നതിനാൽ പ്രത്യേകമായ പരിശീലനത്തിനയച്ചാണ് രക്ഷിതാക്കളുടെ ഈ കലാകാരിയെ പ്രോൽസാഹിപ്പിച്ചത്. സംഗീതവും നൃത്തവുമൊക്കെ അഭ്യസിച്ച് ഒരു സകല കല വല്ലഭയായി തിളങ്ങിയ നന്ദന സ്‌ക്കൂൾ തലത്തിലും ഇന്റർ സ്‌ക്കൂൾ തലത്തിലുമൊക്കെ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ബയോ മെഡിക്കൽ എഞ്ചിനീയറായ അച്ഛൻ ബിജുകുമാറും ഡെന്റിസ്റ്റായ അമ്മ സ്മിതയും നല്ല കലാസ്വാദകരും സഹൃദയരുമായതുകൊണ്ട് സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മകളുടേയും സംഘടനകളുടേയുമൊക്കെ വിവിധ മൽസരങ്ങളിൽ പങ്കെടുപ്പിക്കുവാനും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുവാനും മുന്നിൽ നിന്നത് ഈ കൊച്ചുകലാകാരിയ പ്രായത്തെ വെല്ലുന്ന മിടുക്കിയാക്കി മാറ്റി . ഇന്ന് ഏത് വിഷയങ്ങളിലും അറിവ് നിറഞ്ഞ കലാകാരിയുടെ മികവിൽ മികച്ച കലാസൃഷ്ടി നടത്താൻ കഴിവുള്ള കലാകാരിയായി നന്ദന വളർന്നിരിക്കുന്നു.

മാതാപിതാക്കളും അധ്യാപകരുമൊക്കെയാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്നും എല്ലാവരുടേയും നന്ദിയും കടപ്പാടുമുണ്ടെന്നും നന്ദന പറഞ്ഞു. ബിർള സ്‌ക്കൂളിലെ ആർട് വിഭാഗം മേധാവി സിജു, മുൻ മേധാവി രജിന്ത്, ആർട് അധ്യാപകൻ ശ്രീജിത്ത് എന്നിവരോടൊക്കെ പറഞ്ഞറിയിക്കാനാവാത്ത കടപ്പാടുണ്ട്.
ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമൊക്കെ നന്ദനക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. മെഡിക്കൽ ഫീൽഡാണ് കരിയറായി തെരഞ്ഞെടുക്കാനാഗ്രഹിക്കുന്നതെങ്കിലും വരകളുടെ ലോകത്തുനിന്നും മാറാതെ കലയെ തന്റെ ഹോബിയായി കൂടെകൂട്ടാനാണ് ആഗ്രഹം. ആനിമേഷനിൽ പുതിയ പരീക്ഷണങ്ങൾ നടത്താനും നന്ദനക്ക് മോഹമുണ്ട്.
ആറാം കഌസിൽ പഠിക്കുന്ന വിസ്മയ നന്ദനയുടെ കൊച്ചനുജത്തിയാണ്. പാട്ടിലാണ് വിസ്മയക്ക് താൽപര്യം. വെസ്റ്റേൺ മ്യൂസിക്കും കർണാടികും മാപ്പിളപ്പാട്ടും ലളിതഗാനവുമെല്ലാം വിസ്മയക്ക് നന്നായി വഴങ്ങും.






