പൊള്ളുന്ന അക്ഷരങ്ങൾ ചിറകുകളാക്കി ചിന്തകളിൽ വിപ്ലവ ബോധം പ്രസരിപ്പിച്ച എഴുത്തുകാരിയായിരുന്നു കഴിഞ്ഞ മാസം 14 ന് വിട പറഞ്ഞ സുഹ്‌റ പടിപ്പുര.
തന്റെ കവിത സമാഹാരങ്ങളായ ഇനി കനൽപക്ഷി പാടട്ടെ, ഇന്ത്യ എന്റെ രാജ്യമാണ് എന്നീ രണ്ട് കവിതാ സമാഹാരങ്ങളിലൂടെ ഫാസിസത്തിന്റെ കുഴലൂത്തുകാർക്കും പ്രകൃതിനാശത്തിന്റെ ആരാച്ചാർമാർക്കുമെതിരെ നിരന്തരം തൂലിക ചലിപ്പിച്ചാണ് അവർ ഈ ഭൂമുഖത്ത് നിന്നും നിത്യഭാവനയുടെ അനന്തവിഹായസ്സിലേക്ക് തിരിച്ചു പറന്നത്.
2017 ലാണ് അവരുടെ ആദ്യ കവിതാ സമാഹാരം 'ഇനി കനൽ പക്ഷികൾ പാടട്ടെ' പുറത്തിറങ്ങുന്നത്. നാൽപ്പതിലേറെ കവിതകളിൽ അവരുടെ ഉള്ളിലെ വിഹ്വലതകൾ കേരളീയ സമൂഹത്തിനോട് വിളിച്ചു പറഞ്ഞു. പരിസ്ഥിതിയെ തച്ചുതകർക്കുന്ന മനുഷ്യന്റെ ആർത്തി ചിന്തയക്കെതിരെ തന്റെ എഴുത്തിലൂടെ അവർ കലഹിച്ചു. സമൂഹത്തിൽ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമെതിരെ ദംഷ്ട്രമുയർത്തുന്ന പുരുഷകോയ്മയെ അവർ നിരന്തരം ചോദ്യം ചെയ്തു.
'കനൽപക്ഷികളി'ൽ കണ്ണുള്ളവർ കാണാതെ പോവുന്ന ലോകത്തെ സുഹ്‌റ തന്റേതായ ഭാഷയിൽ അടയാളപ്പെടുത്തി.
ജീവിതകാലം മുഴുവൻ മക്കൾക്കു വേണ്ടി കരിഞ്ഞു തീർന്ന വൃദ്ധ ജീവിതങ്ങൾക്കു വേണ്ടി അക്ഷരങ്ങൾ കൊണ്ട് വിലപിച്ചു. 'മക്കളറിയാൻ എന്ന കവിതയിൽ'. ഇരുണ്ട് മെലി ഞ്ഞ് ചുക്കിച്ചുളിഞ്ഞ ഒരമ്മയെ വീണുകിട്ടിയിട്ടുണ്ട് എന്ന തുടക്കം തന്നെ വായനക്കാരെ പിടിച്ചിരുത്തുന്നു. കളഞ്ഞു കിട്ടുന്നത് പലതും വലിച്ചെറിയുന്നതുകൂടിയാണ് എന്ന ധ്വനിയും ആ വരികളിൽ ഒളിഞ്ഞിരിക്കുന്നു. പിന്നീട് മക്കളറിയാനായി പറയുന്നത്, കണ്ടെത്തി ഏൽപ്പിക്കാനല്ല, മറിച്ച് ഇന്നും മക്കൾക്കായി സൂക്ഷിച്ച പൂപ്പൽ പിടിച്ചൊരുപൊതി അരിമുറുക്ക് കാത്തിരിപ്പുണ്ടെന്ന് പറയാനായി മാത്രം എന്നാണ്. ഇവിടെയാണ് സുഹ്‌റയുടെ തൂലിക വ്യവഹാരം സാർത്ഥക മാവുന്നത്. ഈ വിഷയം സുപരിചിതമെങ്കിലും സുഹ്‌റ പറയുമ്പോൾ അത് കവിതയുടെ അതിർവരമ്പുകൾക്കപ്പുറത്ത് മാനവികതയിലേക്ക് വഴിമാറി.
എഴുത്തുവഴിയിൽ അവർ പതിയെ സഞ്ചാരം തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു.
പിന്നെ, കനൽപക്ഷികളെപ്പോലെ പറന്നുയരാനുള്ള വെമ്പലിൽ അലിയുകയായിരുന്നു. പുരസ്‌ക്കാരങ്ങൾ, ബഹുമതികൾ എല്ലാം ഒന്നൊന്നായി വന്നുചേരുമ്പോഴും ഒരു പിഞ്ചു കുഞ്ഞിനെപ്പോലെ നിഷ്‌ക്കളങ്കമായി അവർ പുഞ്ചിരിച്ചു....അക്ഷര സപര്യയുമായി കനൽപാതയിൽ ഇനിയുമേറെ സഞ്ചരിക്കാനുണ്ടെന്ന ഭാവമായിരുന്നു യുവ കവയിത്രിക്ക്.
മലപ്പുറം കരുവാരകുണ്ട് ഇരിങ്ങാട്ടിരി സ്വദേശിയായിരുന്ന സുഹ്‌റയെ കഴിഞ്ഞ മെയ് മാസത്തിലാണ് കോവിഡ് മഹാമാരി വരിഞ്ഞ് മുറുക്കിയത്. രണ്ടാഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷം ഭർത്താവ് ഷുക്കൂറിനേയും ഏകമകൾ ഫിദയേയും തനിച്ചാക്കിയാണ് സുഹ്‌റ കനൽപഥങ്ങളിൽനിന്നും നിത്യശൂന്യതയിലേക്ക് നടന്നകന്നത്.






