ദോഹ- ഇന്നലെ ഖത്തർ പൊതുജനനാരോഗ്യ മന്ത്രാലയം പുതിയ ട്രാവൽ നയം പ്രഖ്യാപിച്ചതോടെ മാർക്കറ്റിൽ വമ്പിച്ച പ്രതികരണമാണുണ്ടാക്കിയത്. ഭീമമായ ക്വാറന്റൈൻ തുക താങ്ങാനാവാതെ നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചിരുന്ന പലരും തീരുമാനം മാറ്റി . ആയിരക്കണക്കിനാളുകളാണ് ഇന്നലെ വൈകുന്നേരം മുതൽ ട്രാവൽ ഏജൻസികളിൽ ടിക്കറ്റന്വേഷിച്ചെത്തിയത് . ഡിമാന്റ് വർദ്ധിച്ചതോടെ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നതായാണ് വിവരം.
ഖത്തറിലെ പല പ്രമുഖ ഹൈപ്പർമാർക്കറ്റുകളും ഇന്നലെ ഉപഭോക്താക്കളെ കൊണ്ട് വീർപ്പുമുട്ടി. സാമൂഹിക അകലം പാലിക്കേണ്ടതുള്ളതിനാൽ പകുതി ശേഷിയിലേ പ്രവർത്തിക്കാനാവൂ. അതുകൊണ്ട് പലപ്പോഴും പ്രവേശനം നിയന്ത്രിക്കേണ്ടി വന്നു. പല ഹൈപ്പർമാർക്കറ്റുകൾക്ക് മുമ്പിൽ പ്രവേശനം കാത്തുനിൽക്കുന്നവരുടെ നീണ്ട ക്യൂ കാണാമായിരുന്നു.
സാധാരണ ഗതിയിൽ തന്നെ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഹൈപ്പർമാർക്കറ്റുകളിൽ നല്ല തിരക്കുണ്ടാവാറുണ്ട്. എന്നാൽ ഇന്നലെ പുതിയ ട്രാവൽ നയം പ്രഖ്യാപിച്ച ശേഷം അസാധാരണമായ തിരക്കാണനുഭവപ്പെട്ടത്.
ആളുകൾ നാട്ടിലേക്ക് പോകാൻ തുടങ്ങുന്നതോടെ ഹൈപ്പർമാർക്കറ്റുകളിലും ഡിപ്പാർട്ട്‌മെന്റ് സ്‌റ്റോറുകളിലും മികച്ച കച്ചവടം നടക്കുമെന്നാണ് വ്യാപാരികൾ കണക്കുകൂട്ടുന്നത്. കോവിഡ് പശ്ചാത്തലത്തിൽ യാത്രകൾ കുറഞ്ഞതോടെ ഹൈപ്പർമാർക്കറ്റുകളിലെ കച്ചവടം കൂടുതലായും ഫുഡ് വിഭാഗത്തിലായിരുന്നു. ഡിപ്പാർട്‌മെന്ററ് സ്‌റ്റോറുകളിലും കൂടി കച്ചവടമുണ്ടാകുമ്പോഴാണ് ബിസിനസ് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകുവാനാവുകയെന്ന് ഒരു പ്രമുഖ ഹൈപ്പർമാർക്കറ്റ് മേധാവി പറഞ്ഞു.
പുതിയ യാതാ നയം വന്നതോടെ ധാരാളമാളുകൾ പെരുന്നാൾ അവധിക്ക് നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് . ഖത്തറിൽ പെരുന്നാൾ അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജൂലൈ 18 മുതൽ 25 വരെയായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . ജൂലൈ 18 ഞായറാഴ്ചയായതിനാൽ ജൂലൈ 15 വൈകുന്നേരം തന്നെ യാത്ര ചെയ്യാനാകും.






