റിയാദ്- സൗദിയിലെ സാംസ്‌കാരിക കേന്ദ്രങ്ങളെ ഡിജിറ്റൽവൽക്കരിക്കുന്നതിനായി ഇൽമ് ഡിജിറ്റൽ സൊല്യൂഷൻസ് കമ്പനിയുമായി സൗദി ഹെറിറ്റേജ് അതോറിറ്റി കരാറിൽ ഒപ്പുവെച്ചു. സാങ്കേതിക സംവിധാനങ്ങളിലൂടെ സൗദിയിലെ സാംസ്‌കാരിക കേന്ദ്രങ്ങളുടെ സംരക്ഷണവും പ്രചാരണവുമാണ് കരാറിന്റെ ലക്ഷ്യം.
സാംസ്‌കാരിക കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് മികച്ച അനുഭവം നൽകുന്നതിന് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായം കൂടി ലഭ്യമാക്കും. സൗദി ഹെറിറ്റേജ് ആസ്ഥാനമായ കിംഗ് അബ്ദുൽ അസീസ് ഹിസ്‌റ്റോറിക്കൽ സെന്ററിൽ സി.ഇ.ഒ ജാസിർ അൽഹർബിഷ്, ഇൽമ് സി.ഇ.ഒ അബ്ദുറഹ്മാൻ അൽജദാഇ എന്നിവരാണ് സഹകരണ കരാറിൽ ഒപ്പുവെച്ചത്.
സൗദിയിലെ പുരാതന സാംസ്‌കാരിക കേന്ദ്രങ്ങൾ സംബന്ധിച്ച് സമൂഹത്തിൽ ബോധവൽക്കരണം ശക്തിപ്പെടുത്താനും ഇവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും ഡിജിറ്റൽ കരാർ ലക്ഷ്യമിടുന്നുണ്ട്. സാംസ്‌കാരിക കേന്ദ്രങ്ങളുടെ സംരക്ഷണം സംബന്ധിച്ച ആഗോള മാതൃകകളെക്കുറിച്ച് പഠനവും നടക്കും. സന്ദർശകർക്ക് മികച്ച സേവനം ഉറപ്പാക്കുക, സൗദിയുടെ സാംസ്‌കാരിക കേന്ദ്രങ്ങളുടെ സുസ്ഥിര വികസനം, സാംസ്‌കാരിക ടൂറിസത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയും ലക്ഷ്യങ്ങളാണ്.






