ജിദ്ദ-കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ക്ക് ഒരു ഡോസ് പ്രതിരോധ വാക്‌സിന്‍ മതിയെന്ന് സൗദി ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചുവിശദീകരിച്ചിട്ടും ആളുകള്‍ക്ക് സംശയം തീരുന്നില്ല.
കോവിഡ് മുക്തരായവര്‍ ഒരു ഡോസ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നതോടെ തവക്കല്‍ന ആപ്പില്‍ ഡാര്‍ക്ക് ഗ്രീനും ഇമ്യൂണും കാണിക്കുന്നുണ്ട്. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയെന്നാണ് ഇതിനര്‍ഥം.
ഒരു ഡോസ് വാക്‌സിന്‍ മാത്രമെടുത്ത് നാട്ടിലേക്ക് പോയാല്‍ തിരികെ വരുമ്പോള്‍ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ വേണ്ടിവരുമോ എന്നാണ് കോവിഡ് മുക്തരായവരുടെ പ്രധാന സംശയം.
പൂര്‍ണമായും പ്രതിരോധ ശേഷ കൈവരിച്ചവരുടെ ഹെല്‍ത്ത് സ്റ്റാറ്റസാണ് ഇമ്യൂണ്‍ എന്ന് തവക്കല്‍ന ആപ്പില്‍ കാണിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ഡോസ് മാത്രം സ്വീകരിച്ചവരുടെ ആശങ്കക്ക് അടിസ്ഥാനമില്ല.
കോവിഡ് ബാധിക്കാത്തവരുടെ കാര്യത്തില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതോടെയാണ് തവക്കല്‍നയില്‍ സ്റ്റാറ്റസ് ഇമ്യൂണ്‍ എന്നു മാറുന്നത്. രണ്ടാം ഡോസ് സ്വീകരിക്കുന്ന അന്നുതന്നെ തവക്കല്‍ന സ്റ്റാറ്റസ് അപ്‌ഡേറ്റ് ആകുമെങ്കിലും ചിലപ്പോള്‍ ഒന്നിലേറെ ദിവസങ്ങളെടുക്കും.
40 വയസ്സിനു മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസും 12-18 വയസ്സായ കുട്ടികള്‍ക്ക് ആദ്യഡോസും ഇപ്പോള്‍ നല്‍കുന്നുണ്ട്. മിക്ക കേന്ദ്രങ്ങളിലും ഫൈസര്‍ വാക്‌സിനാണ് രണ്ടാം ഡോസായി നല്‍കുന്നത്.
ആദ്യ ഡോസ് ആസ്ട്രസെനക്ക ആയിരുന്നാലും രണ്ടാം ഡോസ് ഫൈസര്‍ സ്വീകരിക്കുന്നതില്‍ തടസ്സമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.