ഇടുക്കി- ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ കൊന്ന് കുഴിച്ചുമൂടി. ഛത്തീസ്ഗഢ് സ്വദേശിയായ ഗദ്ദു(40)വാണ് കൊല്ലപ്പെട്ടത്. ഇടുക്കി രാജക്കാട് പഴയവിടുതിക്ക് സമീപമാണ് സംഭവം. സുഹൃത്തുക്കളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട ഗദ്ദുവും കസ്റ്റഡിയിലുള്ള സുഹൃത്തുക്കളും ഏലത്തോട്ടത്തിലെ തൊഴിലാളികളാണ്. തോട്ടത്തിന് സമീപത്തെ താല്‍ക്കാലിക ഷെഡ്ഡിലാണ് ഇവര്‍ താമസിച്ചിരുന്നത്.
ബുധനാഴ്ച രാത്രി മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാവുകയും ഗദ്ദുവിനെ കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് വിവരം. ഇതിനുശേഷം ഷെഡ്ഡിനോട് ചേര്‍ന്ന് കുഴിയെടുത്ത് മൃതദേഹം കുഴിച്ചുമൂടി.
വ്യാഴാഴ്ച രാവിലെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് രാജക്കാട് സി.ഐ. എച്ച്.എല്‍. ഹണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.






