വിദ്യാര്‍ഥികളെ ഉപയോഗിച്ച് ലഹരി കടത്ത്, തൃശൂരില്‍ രണ്ടുകോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

തൃശൂര്‍- വലിയാലുക്കലില്‍നിന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ രണ്ടു കോടി രൂപ വില വരുന്ന ഹാഷിഷ് ഓയില്‍ തൃശൂര്‍ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടി. ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒന്നര കിലോ മാരകമായ മയക്കുമരുന്ന് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് നെടുപുഴ തയ്യില്‍ ജിനോയ് (24), എറണാകുളം ഇല്ലത്തുപടി ദേശത്ത് എടക്കൂട്ടത്തില്‍ സല്‍മാന്‍ ഫാരിഷ്(23) എന്നിവരുടെ പേരില്‍ കേസെടുത്തു.
കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്നു സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പിടികൂടുന്നതിനായി കാത്തുനിന്ന ഉദ്യോഗസ്ഥ സംഘത്തെ മറികടന്ന് ബൈക്കില്‍ ഇവര്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നെടുപുഴ പോലീസിന്റെ സഹായത്തോടെ സി.സി.ടി.വി ദ്യശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ തിരിച്ചറിഞ്ഞത്. മറ്റു സംസ്ഥാനങ്ങളില്‍ പഠനാവശ്യത്തിനായി പോകുന്ന മലയാളി വിദ്യാര്‍ഥികളെ മയക്കുമരുന്നു മാഫിയ കടത്തുകാരായി ഉപയോഗിക്കുന്നാണ് സംഘത്തിന്റെ രീതിയെന്ന് എക്‌സൈസ് പറഞ്ഞു.
പ്രതികള്‍ മുമ്പും പലതവണ ഇത്തരത്തില്‍ മയക്കുമരുന്ന് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്തിട്ടുള്ളതായ വിവരം ലഭിച്ചതായി എക്‌സൈസ് പറഞ്ഞു.

 

 

 

Latest News