മലപ്പുറത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം; 22 പവനും പണവും നഷ്ടമായി

പെരിന്തല്‍മണ്ണ- ആലിപ്പറമ്പ് പാറക്കണ്ണി മേപ്പുറത്ത് സ്‌കൂളിനു സമീപത്തെ തച്ചന്‍കുന്നന്‍ ഗഫൂറിന്റെ വീട്ടില്‍ പട്ടാപ്പകല്‍ മോഷണം. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ വീട്ടുകാര്‍ പുറത്തുപോയ നേരത്താണ് മോഷ്ടാക്കള്‍ വീട് കുത്തിതുറന്നു സ്വര്‍ണവും പണവും കവര്‍ന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ചു അകത്തു കടന്ന മോഷ്ടാക്കള്‍ മുറിയിലെ അലമാര കുത്തിത്തുറന്നു 22പവന്‍ സ്വര്‍ണവും 18000 രൂപയും കവര്‍ന്നതായി വീട്ടുകാര്‍ പറയുന്നു.
വീട്ടുകാര്‍ പെരിന്തല്‍മണ്ണ പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘം  അന്വേഷണമാരംഭിച്ചു. മലപ്പുറത്തുനിന്നുള്ള വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. ലോറ എന്ന നായ വീടിന്റെ മുന്‍വശത്തുകൂടി വീടിനുള്ളിലേക്കും അടുക്കള ഭാഗത്തേക്കും മണം പിടിച്ചെത്തി. വീണ്ടും വീടിന്റെ മുന്‍വശത്തേക്കും ശേഷം വീടിനടുത്തുള്ള റബര്‍ തോട്ടത്തിലൂടെ റോഡിലേക്കും ഒന്നര കിലോമീറ്ററോളം ഓടിയാണ് നിന്നത്.
അന്വേഷണം ഊര്‍ജിതമാക്കിയതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

 

 

 

 

 

Latest News