മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ആപ്പില്‍; ദല്‍ഹി പോലീസിന് വനിതാ കമ്മീഷന്‍ നോട്ടീസ്

ന്യൂദല്‍ഹി- മുസ് ലിം സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും ചിത്രങ്ങള്‍ നിഗൂഢസംഘം വന്‍തോതില്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നത് തടയുന്നത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ദല്‍ഹി പോലീസിന് വനിതാ കമ്മീഷന്‍ നോട്ടീസ് നല്‍കി. ജൂലൈ 12നകം റിപോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സോഫ്റ്റ്‌വെയര്‍ ഡെവലപര്‍മാരുടെ പ്ലാറ്റ് ഫോമായ ഗിറ്റ്ഹബ് വഴി മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ നിഗൂഢസംഘം ഒരു ആപ്പില്‍ വന്‍തോതില്‍ കയറ്റിവിടുന്നുവെന്ന മാധ്യമ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.  മുസ് ലിം സ്ത്രീകളെ വിളിക്കാന്‍ ഉപയോഗിക്കുന്ന ഒരു മോശം പേരിലാണ് ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യുന്നത്.

ഇതേ പേര് പലരും ട്വിറ്ററില്‍ ഉപയോഗിക്കുകയും നിരവധി മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രചരിക്കുകയും ചെയ്തതോടെയാണ് ഈ ആപ്പിനെ കുറിച്ച് പുറംലോകമറിയുന്നത്. തങ്ങളുടെ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയ പലരും സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ ദല്‍ഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
 

Latest News