പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചു; പോലീസ് സഹായിച്ചില്ലെന്ന് മുഖ്യമന്ത്രിക്ക് അമ്മയുടെ പരാതി

പാലക്കാട്- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചതായി അമ്മയുടെ പരാതി. പരാതി നല്‍കിയിട്ടും പോലീസ് ഇടപെടൽ വൈകിയെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.

പെൺകുട്ടിയെ സുഹൃത്തായ തൃത്താല മേഴത്തൂർ സ്വദേശിയായ 25-കാരൻ പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടു പോയത്.

ഏപ്രിൽ 30-ന് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചാലിശ്ശേരി പോലീസിൽ പരാതി നൽകി. ജൂൺ 20-ന് പെൺകുട്ടിയും സുഹൃത്തായ യുവാവും പോലീസ് സ്റ്റേഷനിൽ ഹാജരായി. യുവാവിനോടൊപ്പം പോകാനാണ് താൽപ്പര്യമെന്നറിയിച്ചതിനെ തുടർന്ന് പെൺകുട്ടി ഇയാൾക്കൊപ്പം പോവുകയും ചെയ്തു.  തിരിച്ചറിയൽ കാർഡ് പരിശോധനയിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് തെളിഞ്ഞതായി പോലീസ് പറയുന്നു.

പെണ്‍കുട്ടി വീട്ടില്‍വെച്ചിരുന്ന ഫോണിൽ അമ്മ നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയാവും മുമ്പ് പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും യുവാവ് മയക്കുമരുന്ന് നൽകിയിരുന്നതായും മനസ്സിലായത്.

പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് യുവാവ് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. പീഡനത്തെയും ഭീഷണിയെയും തുടർന്ന് മാനസികനില തെറ്റിയ പെൺകുട്ടി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും പരാതിയില്‍ പറയുന്നു.

അതേസമയം, യുവാവ് കുട്ടിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ പരാതി ലഭിച്ചിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ അമ്മ ഇപ്പോള്‍ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Latest News