ബാഗും ഫോണും കവർന്നശേഷം വയോധികനെ ഓട്ടോയില്‍നിന്ന് തള്ളിയിട്ട രണ്ടുപേർ പിടിയില്‍

കൊച്ചി- പെരുമ്പാവൂര്‍ പൂപ്പാനി സിവില്‍ സപ്ലൈസ് ഗോഡൗണിന് സമീപത്തെ റോഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികനെ ഓട്ടോറിക്ഷയില്‍ ബലമായി കയറ്റി തട്ടിക്കൊണ്ടുപോയി ബാഗും ഫോണും തട്ടിയെടുത്ത കേസില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ ചേര്‍ത്തല മായത്തറ ഭാഗത്ത് ഒളവക്കത്ത് വെളിയില്‍ വീട്ടില്‍ സുമേഷ്(37), കൂവപ്പടി ഐമുറി കൂടാലപ്പാട് ക്രിസ്ത്യന്‍ പള്ളിക്ക് സമീപം മൂത്തേടന്‍ വീട്ടില്‍ ജസ്റ്റിന്‍ (35) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.  ഫോണും, ബാഗും കവര്‍ച്ച ചെയ്ത ശേഷം പൂപ്പാനീ മസ്ജിദിനു സമീപം വെച്ച് ഓടുന്ന ഓട്ടോയില്‍നിന്ന് വയോധികനെ  റോഡിലേക്ക് തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ വയോധികന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ജസ്റ്റിനാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. സുമേഷ് ബാഗും, ഫോണും കൈവശപ്പെടുത്തിയ ശേഷം തള്ളിയിടുകയായിരുന്നു. സുമേഷ് ചേര്‍ത്തല പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. പെരുമ്പാവൂര്‍, കോടനാട്, കുറുപ്പുംപടി പോലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിലെ പ്രതിയാണ് ജസ്റ്റിന്‍.

Latest News