നിധി കണ്ടെത്താനായി പെണ്‍കുട്ടിയെ ബലി നല്‍കി; അയല്‍ക്കാരായ അമ്മയും മകളും അറസ്റ്റില്‍

കാൺപുര്‍-   നിധി കണ്ടെത്താനായി മന്ത്രവാദി പറഞ്ഞതനുസരിച്ച് അഞ്ച് വയസ്സുകാരിയെ ബലിനല്‍കിയ സംഭവത്തില്‍ അയല്‍ക്കാരായ സ്ത്രീയും മകളും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ചമ്രൗദി ഗ്രാമത്തിലാണ്  സംഭവം. പെണ്‍കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു.

അഞ്ച് വയസ്സുകാരിയെ കാണാനില്ലെന്ന അമ്മയുടെ പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ്  കൊലപാതകം പുറത്തറിഞ്ഞത്. അയല്‍ക്കാരിയുടെ ഇളയമകന്‍ നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്. കാണാതായ പെണ്‍കുട്ടിയെ തന്റെ അമ്മയും സഹോദരിയും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നും മൃതദേഹം ആറ്റില്‍ തള്ളിയെന്നുമായിരുന്നു  മൊഴി. തുടര്‍ന്ന് പോലീസ് സംഘം പരിശോധന നടത്തി മൃതദേഹം കണ്ടെടുത്തു. പിന്നീട് അയല്‍ക്കാരായ സ്ത്രീയെയും മകളെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു.

 നിധിക്ക് വേണ്ടി മന്ത്രവാദി പറഞ്ഞതനുസരിച്ചാണ് കുട്ടിയെ ബലി നല്‍കിയതെന്നാണ് പ്രതികളുടെ മൊഴി. കുട്ടിയെ ബലി നല്‍കിയാല്‍ നിധി കണ്ടെത്താനാകുമെന്നാണ് മന്ത്രവാദി വിശ്വസിപ്പിച്ചിരുന്നത്.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും എല്ലാവശങ്ങളും അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. കഴുത്തില്‍ മാരകമായ മുറിവേറ്റനിലയിലാണ് മൃതദേഹം കണ്ടെടുത്തത്.  കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് പത്ത് ദിവസം മുമ്പാണ് അസുഖബാധിതനായി മരിച്ചത്.

Latest News