ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ സഞ്ചരിച്ച വിമാനം ഇന്ധനം തീര്‍ത്ത് തിരുവനന്തപുരത്തിറക്കി

തിരുവനന്തപുരം- ശ്രീലങ്കന്‍ താരങ്ങളുമായി ലണ്ടനില്‍ നിന്ന് കൊളംബോയിലേക്ക് പറക്കുകയായിരുന്ന ശ്രീലങ്കന്‍ എയര്‍ലൈൻസ് വിമാനം മതിയായ ഇന്ധനമില്ലാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറക്കി. ഇന്ധനം നിറച്ച ശേഷം വിമാനം കൊളംബോയിലേക്കു പറന്നു. ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ ശേഷം തിരികെ നാട്ടിലേക്ക് മടങ്ങുന്ന ലങ്കന്‍ താരങ്ങളാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ പുറത്തിറങ്ങിയില്ല.

യാത്രാ മധ്യേ വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് വിമാനം മസ്‌കറ്റില്‍ ഇറക്കാന്‍ പൈലറ്റ് അനുമതി തേടിയിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ മസ്‌ക്കറ്റില്‍ ഇറങ്ങാനുള്ള അനുമതി ലഭിച്ചില്ല. അനുമതി കാത്ത് രണ്ടു തവണ വിമാനം ആകാശത്തു വട്ടമിട്ടു പറന്നു. ഒടുവില്‍ കൊളംബോയിലേക്ക് തിരിക്കുകയായിരുന്നു. ഇതിനിടെയാണ് മതിയായ ഇന്ധനം ഇല്ലെന്ന മുന്നറിയിപ്പ് പൈലറ്റിന് ലഭിച്ചത്. ഇതോടെ തൊട്ടടുത്ത വിമാനത്താവളമായ തിരുവനന്തപുരത്ത് ഇറക്കാന്‍ അനുമതി തേടുകയായിരുന്നു. ഇവിടെ സുരക്ഷിതമായി ഇറങ്ങിയ വിമാനം ഇന്ധനം നിറച്ച ശേഷം കൊളംബോയിലേക്കു തിരിച്ചു. 


 

Latest News