നവംബർ എട്ടിന്റെ നോട്ട് റദ്ദാക്കലിന് ഒരു ഗുണമുണ്ടായി. ചിതറിക്കിടന്ന പ്രതിപക്ഷ കക്ഷികൾക്ക് ഒരുമിച്ച് നിൽക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യമായത് ഈ സാഹചര്യത്തിലാണ്.
മമതയുണ്ടെങ്കിൽ ഞങ്ങളില്ലെന്ന് പറഞ്ഞ് മാറിനിന്ന സി.പി.എമ്മുൾപ്പെടെ ഇന്ത്യയിലെ 19 രാഷ്ട്രീയ പാർട്ടികൾ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്ക് പിന്തുണയുമായി അണിനിരക്കുന്ന കാഴ്ചയാണ് കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിന്റെ അവസാന നാളുകളിൽ കണ്ടത്. നവവത്സര പിറവിയിൽ രാഹുൽ വിദേശ യാത്രയ്ക്ക് പോയതോടെ പ്രതീക്ഷകൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ചൈനയിലേക്കുള്ള യാത്ര റദ്ദാക്കി രാഹുൽ വൈകാതെ തിരിച്ചെത്തിയപ്പോഴേക്കും യു.പി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അരങ്ങൊരുങ്ങിയിരുന്നു.
2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായാണ് അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ ഉത്തർപ്രദേശിലേക്കാണ് രാജ്യം ഉറ്റു നോക്കുന്നത്. നോട്ട് റദ്ദാക്കിയും മറ്റും ജനജീവിതം ദുരിത പൂർണമാക്കുന്ന ബി.ജെ.പിയ്ക്ക് യു.പിയിൽ കാലിടറിയാൽ ഇന്ത്യ രക്ഷപ്പെടുമെന്ന് കരുതുന്നവരുടെ എണ്ണം ഏറിവരികയാണ്. തുടക്കത്തിലെ പൊട്ടലും ചീറ്റലുമൊക്കെ മാറി രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും ഐക്യത്തോടെ രംഗത്തിറങ്ങിയത് ദേശീയ രാഷ്ട്രീയത്തിലും പ്രതികരണമുണ്ടാക്കും.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം കൈവരിച്ചതോടെയാണ് ബി.ജെ.പി നേതൃനിരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാർട്ടി പ്രസിഡന്റ് അമിത് ഷായും ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാര കേന്ദ്രങ്ങളായത്. തെരഞ്ഞെടുപ്പിന് കൃത്യം ഒരു വർഷം മുമ്പ് ആരംഭിച്ച ഗൃഹപാഠമാണ് ബി.ജെ.പിയ്ക്ക് ഗുണം ചെയ്തത്. ഹിന്ദി ഹൃദയ ഭൂമിയെ കീഴടക്കാൻ പാകത്തിൽ പാർട്ടിയെ വളർത്തിയത് അമിത് ഷായുടെ സോഷ്യൽ എൻജിനീയറിംഗായിരുന്നു. മുസഫർനഗർ കലാപത്തിന് കാരണമായി പറഞ്ഞുകേട്ടിരുന്ന ലൗ ജിഹാദ് പോലും കെട്ടുകഥയാണെന്ന് പിന്നീട് തെളിഞ്ഞു. യു.പിയിൽ ബി.ജെ.പിയ്ക്ക് തിരിച്ചടി നേരിട്ടാൽ പാർട്ടിയിൽ നിശബ്ദരായി കഴിയുന്ന നേതാക്കളും പ്രതികരിച്ചു തുടങ്ങും.
എൻ.ഡി.എ സർക്കാർ അധികാരത്തിലേറിയ ശേഷം നടന്ന ദൽഹി തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി ആദ്യമായി പരാജയത്തിന്റെ രുചിയറിഞ്ഞത്. പിന്നീട് ബിഹാറിലും ഇതാവർത്തിച്ചു. ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ പ്രസക്തി എത്രത്തോളമെന്നറിയാൻ യു.പി തെരഞ്ഞെടുപ്പ് പ്രധാനമാണ്. സമാജ് വാദി പാർട്ടിയും കോൺഗ്രസും ചേർന്ന സഖ്യം പരാജയപ്പെടുന്നുവെങ്കിൽ രാജ്യത്തു പ്രതിപക്ഷ നിരയുടെ ശേഷിക്കുന്ന ആവേശവും കെട്ടടങ്ങും.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭരണകക്ഷിയ്‌ക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് മത്സരിച്ച സന്ദർഭം ഇതിന് മുമ്പുമുണ്ടായിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയായിട്ടാണ് പല കക്ഷികളും മത്സരിച്ചത്. കമ്യൂണിസ്റ്റ് പാർട്ടികളും ആർ.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും അന്ന് ഭരണമാറ്റം ആഗ്രഹിച്ചു. ദ്വയാംഗത്വ പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള വിവാദം ആദ്യ കോൺഗ്രസിതര സർക്കാരിന് പ്രതിസന്ധി സൃഷ്ടിച്ചു. രാജീവ് ഗാന്ധിയുടെ മരണശേഷം അധികാരത്തിലേറിയ നരസിംഹറാവു സർക്കാരിന്റെ ശേഷവും കൊച്ചു പാർട്ടികളുടെ മുന്നണി പരീക്ഷണങ്ങൾ രാജ്യം നിരവധി തവണ കണ്ടു. ഇതിനൊന്നും ആയുസ്സ് ഏറെയുണ്ടാവാറില്ലെന്നതാണ് ചരിത്രം.
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ അധികാരത്തിലേറിയശേഷം ഏറ്റവും കടുത്ത മത്സരം നേരിട്ട തെരഞ്ഞെടുപ്പായിരുന്നു ബിഹാറിലേത്. ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയ്ക്കുള്ള പ്രാധാന്യമാണ് മാധ്യമങ്ങൾ നൽകിയത്. ബി.ജെ.പി നേതാക്കന്മാരുടെ വിവാദ പ്രസ്താവനകളും അസഹിഷ്ണുതയുടെ കാറ്റ് വീശിയതുമെല്ലാം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു.
നിലവിൽ ബി.ജെ.പിക്ക് ലോക്‌സഭയിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയിൽ ഇത്തരമൊരു സാഹചര്യമില്ല. 2018ൽ യു.പിയിൽ ധാരാളം രാജ്യസഭാ സീറ്റുകൾ ഒഴിവ് വരും. ഇവ നികത്തുന്നതിലൂടെ ഗുണമുണ്ടാക്കണമെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കണം. ഏഴ് ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കുന്ന യു.പിയിൽ 14.18 കോടി വോട്ടർമാർ തിരഞ്ഞെടുക്കുന്ന 403 ജനപ്രതിനിധികൾക്ക് പ്രാധാന്യമേറുന്നത് ഈ സാഹചര്യത്തിലാണ്. ഇന്ത്യ ഇനിയങ്ങോട്ട് ആര് ഭരിക്കുമെന്ന് വ്യക്തമാക്കുന്ന വോട്ടെടുപ്പാണിത്. 2019ലെ ലോക്‌സഭാ പോരാട്ടത്തിന്റെ അടിത്തറയിടുന്നതുമാണ് യു.പിയുടെ ജനവിധി.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ വെച്ചാണ് യു.പിയെ വിശകലനം ചെയ്യേണ്ടത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ ആകമാനം വീശിയ മോഡി തരംഗം നല്ല വിളവെടുത്ത സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർ പ്രദേശ്. 80 ലോക്‌സഭാ മണ്ഡലങ്ങളിൽ 71 ഉം ബി.ജെ.പിയും സഖ്യകക്ഷികളും നേടി. രണ്ടര വർഷത്തിനിപ്പുറം സാഹചര്യങ്ങൾ ഏറെ മാറി.
2014ൽ ജയിച്ച 71 സീറ്റിൽ ഉൾപ്പെടുന്ന 337 അസംബ്ലി മണ്ഡലങ്ങളിൽ മോഡി തരംഗം വീശില്ലെങ്കിലും സ്വാധീനിക്കുമെന്ന പ്രതീക്ഷ ബി.ജെ.പിയ്ക്കുണ്ട്. മുഖ്യമന്ത്രി സ്ഥാനാർഥിയില്ലാതെ വോട്ട് തേടാൻ പ്രേരിപ്പിക്കുന്നതും അതാണ്. നോട്ട് അസാധുവാക്കൽ ഒഴിച്ചുനിറുത്തിയാൽ രണ്ടര വർഷത്തെ മോഡി ഭരണം നേട്ടമാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
നവംബർ എട്ടിന് മുമ്പ് വരെ മുന്നിലായിരുന്ന ബി.ജെ.പിയുടെ യു.പിയിലെ ഗ്രാഫ് നോട്ട് അസാധുവാക്കലിന് ശേഷം താണിട്ടുണ്ടെന്നതാണ് സത്യം.
മോഡികാലത്തിന് മുമ്പ് യു.പിയിലെ രാഷ്ട്രീയത്തിൽ നിർണായകമായത് 1992ലെ ബാബറി മസ്ജിദ് തകർത്ത സംഭവവും 1989ലെ മണ്ഡൽ സംവരണ പ്രക്ഷോഭവുമാണ്. പ്രാദേശിക ശക്തികളായ സമാജ്‌വാദി, ബി.എസ്.പി പാർട്ടികളുടെ ഉദയം കണ്ടതും ഇതേ കാലയളവിലാണ്. സംസ്ഥാന പദവി ലഭിച്ചത് മുതൽ ആധിപത്യം പുലർത്തിയ കോൺഗ്രസിന്റെ വോട്ട് ബാങ്ക് വേരോടെ ഒലിച്ചു പോവുകയും ചെയ്തു. 1993ലെ തെരഞ്ഞെടുപ്പിൽ സവർണ വോട്ടുകളുടെ ബലത്തിൽ ബി.ജെ.പി 177 സീറ്റ് നേടിയെങ്കിലും എസ്.പിയും (109), ബി.എസ്.പിയും (67) ഒന്നിച്ച് ഭരിച്ചു. അഞ്ച് വർഷം കഴിഞ്ഞ് ബി.എസ്.പിയും ബി.ജെ.പിയും തമ്മിലായി ചങ്ങാത്തം. അതു കഴിഞ്ഞ് മുലായവും മായാവതിയും മാറി മാറി ഭരിച്ചു.
മുസ്‌ലിം വോട്ടർമാർ ആകെ ജനസംഖ്യയുടെ 19 ശതമാനം വരും. പടിഞ്ഞാറൻ യു.പിയിൽ ബി.ജെ.പി വിരുദ്ധതയും നോട്ട് അസാധുവാക്കലും ബി.ജെ.പിക്കെതിരെ മുസ്‌ലിം വോട്ടർമാരെ ഒന്നിച്ചു നിറുത്തും. അതേസമയം ബി.ജെ.പിക്ക് ആശ്വാസം പകരുന്നത് മുസ്‌ലിം വോട്ടർമാർ ഒന്നിച്ച് ഒരു പാർട്ടിക്കും വോട്ടു ചെയ്യാറില്ലെന്ന കാര്യമാണ്. ഫെബ്രുവരി 11, 15 തീയതികളിൽ ആദ്യ രണ്ടു ഘട്ട വോട്ടിംഗ് നടക്കുന്ന മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ പടിഞ്ഞാറൻ യു.പിയിലും 2014ൽ ബി.ജെ.പി നേട്ടമുണ്ടാക്കിയിരുന്നു.
സാമുദായിക വൈരം ആളിക്കത്തിച്ച് ജാട്ട് വോട്ടുകൾ അനുകൂലമാക്കിയതിന്റെ ഗുണമാണ് അന്ന് കണ്ടത്. എന്നാൽ ജാട്ടുകൾ 2014ലേത് പോലെ 2017ൽ വോട്ടു ചെയ്യുമെന്നുറപ്പില്ല. ജാട്ട് വോട്ടുകൾ സമാഹരിക്കാൻ അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദളുണ്ട്. മുസ്‌ലിം വോട്ടുറപ്പിക്കാനാണ് അഖിലേഷ് യാദവ് ഈ കക്ഷിയെ മുന്നണിയിൽ എടുക്കാത്തതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 80 മണ്ഡലങ്ങൾ ഉൾപ്പെടുന്ന 19 ജില്ലകളിൽ ജാട്ട് വോട്ടുകൾ നിർണായകമാണ്.
ബിഹാറിലേത് പോലെ പ്രതിപക്ഷ ഐക്യം കുറവാണെങ്കിലും എസ്.പി- കോൺഗ്രസ് സഖ്യം ബി.ജെ.പിക്കും ബി.എസ്.പിക്കും വെല്ലുവിളിയാണ്. പാകപ്പിഴകൾ ഏറെയുണ്ടെങ്കിലും അഖിലേഷ് യാദവ് എന്ന യുവനേതാവ് യു.പിക്ക് നൽകിയ വികസന മുഖം വോട്ടർമാർക്ക് മുന്നിലുണ്ട്. പാർട്ടിയിൽ അനിഷേധ്യ നേതാവായതിന്റെ ആത്മവിശ്വാസം അഖിലേഷിന് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. യാദവ വിഭാഗം എസ്.പിയുടെ വോട്ട് ബാങ്കാണ്.
പ്രതിമാ നിർമ്മാണം ഉൾപ്പെടെയുള്ള വിവാദങ്ങളിലും അഴിമതി ആരോപണങ്ങളിലും കുടുങ്ങി 2012ൽ സംസ്ഥാന ഭരണവും സീറ്റൊന്നുമില്ലാതെ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പും നഷ്ടമായ ബി.എസ്.പി നടത്തുന്ന പടപ്പുറപ്പാട് എല്ലാം തിരിച്ചു പിടിക്കാനാണ്. പാർട്ടി ഘടകങ്ങൾ പിരിച്ചുവിട്ട് ഞെട്ടിച്ച മായാവതി ചെറുപ്പക്കാരെ ഉൾപ്പെടുത്തി അവ പുനഃസംഘടിപ്പിച്ചു.
രണ്ടരക്കൊല്ലമായി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് കൃത്യമായ പദ്ധതിയോടെ ബി.എസ്.പിക്കാർ ഉത്സാഹിക്കുന്നുണ്ട്. അഴിമതിയും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളും വഴി അഖിലേഷ് സർക്കാരിന് നേരെ ഉയരുന്ന ഭരണ വിരുദ്ധ തരംഗവും, ദാദ്രിയിലെ ബീഫ് വിവാദം മുതൽ നോട്ട് അസാധുവാക്കൽ വരെ സൃഷ്ടിക്കുന്ന ബി.ജെ.പി വിരുദ്ധ വികാരവും വോട്ടുകളാക്കാനാണ് മായാവതിയുടെ നോട്ടം. മുസ്‌ലിം- ദളിത് വോട്ടു ബാങ്ക് ബി.എസ്.പിക്ക് എക്കാലവും നിലനിറുത്താൻ സാധിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ കാലങ്ങളിലെ വോട്ടിംഗ് ശതമാനം തെളിയിക്കുന്നു. 2012ൽ 80ൽ ഒതുങ്ങിയെങ്കിലും സമാജ്‌വാദി നേടിയ 232 സീറ്റുകളിൽ 200 ഇടത്തും ബി.എസ്.പി രണ്ടാമതായിരുന്നു.
ദളിത് വിഭാഗങ്ങൾ യു.പി ജനസംഖ്യയുടെ 22 ശതമാനം വരും. രോഹിത് വെമൂല വിഷയത്തിലും ഗുജറാത്തിൽ പശുവിന്റെ തൊലിയുരിച്ച ദളിത് യുവാക്കളെ മർദ്ദിച്ച സംഭവത്തിലും മായാവതി പ്രതിഷേധിക്കാൻ മുന്നിട്ടിറങ്ങിയിരുന്നു. 1996ലെ കയ്‌പേറിയ അനുഭവത്തിന് ശേഷം തെരഞ്ഞെടുപ്പ് സഖ്യത്തിൽ മായാവതി താൽപര്യം കാട്ടാറില്ല. 2012ലാവട്ടെ സഖ്യകക്ഷിയായ കോൺഗ്രസ് മത്സരിച്ച സീറ്റുകളിൽ ആത്മാർഥമായി വോട്ടിട്ടെങ്കിലും ബി.എസ്.പി സ്ഥാനാർത്ഥികൾക്ക് തിരിച്ച് അത് കിട്ടിയില്ല. യു.പി തെരഞ്ഞെടുപ്പ് മനസ്സിൽ കണ്ടാണ് അരുൺ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചത്. പക്ഷേ, ഇതെല്ലാം കാർഷിക പ്രധാനമായ സംസ്ഥാനത്ത് എത്രത്തോളം പ്രതികരണമുണ്ടാക്കിയിട്ടുണ്ടെന്ന് കണ്ടറിയണം.
യു.പി നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ അധികനാൾ കാത്തിരിക്കേണ്ടതില്ല. കഴിഞ്ഞ ദിവസം പുറത്തു വന്ന സി.എൻ.എൻ-ന്യൂസ് 18 അഭിപ്രായ വോട്ടെടുപ്പ് പ്രകാരം യു.പിയിൽ കോൺഗ്രസ്-എസ്.പി സഖ്യം വിജയിക്കും. 403 സീറ്റുകളിൽ അഖിലേഷ്- രാഹുൽ മുന്നണി 181 സീറ്റുകൾ നേടും.
രണ്ടാം സ്ഥാനത്തെത്തുന്ന ബി.ജെ.പിയ്ക്ക് 160 സീറ്റുകളേ ലഭിക്കുകയുള്ളു. മായാവതിയുടെ ബി.എസ്.പി 57 സീറ്റുകളുമായി മൂന്നാം സ്ഥാനത്തേ വരികയുള്ളു. സർവേ ഫലം യാഥാർഥ്യമാണോ എന്നറിയാനുള്ള കാത്തിരിപ്പാണ് ഇനി.






