റിയാദ് - അൽരിമാൽ ഡിസ്ട്രിക്ടിൽ കെട്ടിടത്തിന്റെ ടെറസ്സിൽ സ്വതന്ത്രമായി വിഹരിക്കാൻ ഉടമ അഴിച്ചുവിട്ട സിംഹത്തെ പരിസ്ഥിതി സുരക്ഷാ സേനയുമായും സിവിൽ ഡിഫൻസുമായും സഹകരിച്ച് പിടികൂടിയതായി നാഷണൽ സെന്റർ ഫോർ വൈൽഡ്ലൈഫ് അറിയിച്ചു. വീടിന്റെ ടെറസ്സിൽ സ്വതന്ത്രമായി വിഹരിക്കുന്ന സിംഹത്തെ കുറിച്ച് നാഷണൽ സെന്റർ ഫോർ വൈൽഡ്ലൈഫിൽ വിവരം ലഭിക്കുകയായിരുന്നു.
സെന്ററിൽ നിന്നുള്ള സംഘം സുരക്ഷാ വകുപ്പുകളുടെ പിന്തുണയോടെയും വിദഗ്ധരുടെയും വെറ്ററിനറി ഡോക്ടർമാരുടെയും മേൽനോട്ടത്തിലും സിംഹത്തെ കീഴടക്കുകയും മയക്കുമരുന്ന് കുത്തിവെച്ച് പ്രത്യേക അഭയ കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു. വന്യമൃഗങ്ങളെയും വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെയു വളർത്തുന്നത് നിയമ ലംഘനമാണ്. സൗദിയിൽ വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ സ്വന്തമാക്കുന്നത് പത്തു വർഷം വരെ തടവും മൂന്നു കോടി റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്.






