സൗദി പൗരനെ കൊലപ്പെടുത്തിയ ഹൗസ് ഡ്രൈവര്‍ അറസ്റ്റില്‍

കൊല്ലപ്പെട്ട സൗദി പൗരന്‍.

റിയാദ് - തൊഴിലുടമയായ സൗദി പൗരനെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ച ഡ്രൈവറെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മറ്റു കുടുംബാംഗങ്ങള്‍ പുറത്തുപോയ സമയത്താണ് സൗദി പൗരനെ ഹൗസ് ഡ്രൈവര്‍ കൊലപ്പെടുത്തിയത്.  ഭാര്യയും മക്കളും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സൗദി പൗരനെ കാണാനായില്ല. മക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.

ഇതേ തുടര്‍ന്ന് ഡ്രൈവറോട് വിവരമന്വേഷിച്ചെങ്കിലും സ്‌പോണ്‍സറെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
വീട്ടീലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് സൗദി പൗരന്‍ കാറില്‍ വീട്ടില്‍ തിരിച്ചെത്തിയതായി വ്യക്തമായി. എന്നാല്‍ കാറില്‍ നിന്ന് സൗദി പൗരന്‍ പുറത്തിറങ്ങിയിരുന്നില്ല. പിന്നീട് കാറുമായി ഡ്രൈവര്‍ പുറത്തുപോവുകയും അല്‍പ സമയത്തിനു ശേഷം നടന്ന് വീട്ടിലെത്തുകയും ചെയ്തതായും നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി. തുടര്‍ന്ന് സംശയം തോന്നി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം ഡ്രൈവര്‍ വെളിപ്പെടുത്തിയത്.
തര്‍ക്കത്തെ തുടര്‍ന്ന് സ്‌പോണ്‍സറെ ശിരസ്സിന് അടിച്ചുകൊലപ്പെടുത്തുകയായിരുന്നെന്നും തലക്ക് അടിയേറ്റ സൗദി പൗരന്‍ തല്‍ക്ഷണം മരണപ്പെട്ടതായും ഡ്രൈവര്‍ കുറ്റസമ്മതം നടത്തി. കുറ്റകൃത്യം മറച്ചുവെക്കാന്‍ ശ്രമിച്ച് മൃതദേഹം വീട്ടിലെ ഭൂഗര്‍ഭ വാട്ടര്‍ ടാങ്കില്‍ തള്ളി ടാങ്കിന്റെ മൂടി അടക്കുകയും തുടര്‍ന്ന് സ്‌പോണ്‍സറുടെ കാര്‍ വീട്ടില്‍ നിന്ന് ദൂരെ കൊണ്ടുപോയി പാര്‍ക്ക് ചെയ്ത് മൊബൈല്‍ ഫോണും മറ്റു വസ്തുക്കളും കാറില്‍ ഉപേക്ഷിച്ച് അത്താഴം കഴിക്കാന്‍ താന്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നും ചോദ്യം ചെയ്യലില്‍ ഡ്രൈവര്‍ വെളിപ്പെടുത്തി.

അറസ്റ്റിലായ ഡ്രൈവറെ ബന്ധപ്പെട്ട വകുപ്പുകള്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. എട്ടു വര്‍ഷമായി വീട്ടില്‍ ജോലി ചെയ്തുവരുന്ന ഡ്രൈവറാണ് കൃത്യം നടത്തിയതെന്ന് സൗദി പൗരന്റെ ഭാര്യ നൂറ അല്‍ശുബുല്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയും അല്‍നസീം ഖബര്‍സ്ഥാനില്‍ വെച്ച് മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ചും മയ്യിത്ത് മറവു ചെയ്തതായും നൂറ അല്‍ശുബുല്‍ പറഞ്ഞു.

 

Latest News