കുവൈത്ത് സിറ്റി- ശക്തമായ ചൂടില്‍ തളരുന്ന കുവൈത്തില്‍ ഉച്ചവിശ്രമ സമയത്ത് ഇരുചക്രവാഹനങ്ങളിലെ ഡെലിവറി സമ്പ്രദായം വിലക്കണമെന്ന ആവശ്യം ശക്തം. തീരുമാനം പ്രഖ്യാപിക്കണമെന്ന് തൊഴില്‍ വകുപ്പ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മാന്‍പവര്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടും.
താപനില പരിഗണിച്ച് ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് അവസാനം വരെ പുറംജോലിക്കാര്‍ക്ക് ഉച്ചവിശ്രമം നിര്‍ബന്ധമാക്കിയിട്ടുണ്ട്. പകല്‍ 11 ുതല്‍ വൈകിട്ട് 4 വരെ സൂര്യതാപം നേരിട്ട് ഏല്‍ക്കാന്‍ സാധ്യതയുള്ള തൊഴിലുകള്‍ ചെയ്യിക്കരുതെന്നാണ് നിയമം. എന്നാല്‍, ഈ കൊടുംചൂടിലും ഹൈവേകളില്‍ ഉള്‍പ്പെടെ റസ്റ്ററന്റുകളിലെയും കഫേകളിലെയും ഡെലിവറി ജീവനക്കാര്‍ ബൈക്കുകളില്‍ പോകുന്നുണ്ട്.
അപകടം നിറഞ്ഞതാണ് യാത്ര എന്നതിന് പുറമെ സൂര്യാഘാതം ഏല്‍ക്കുന്നതിനുള്‍പ്പെടെ സാധ്യതയും ഏറെയാണ് എന്നതിനാല്‍ നിരോധനപ്പട്ടികയില്‍ അത്തരക്കാരെയും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. നേരത്തെ ഉന്നയിച്ചതാണെങ്കിലും പ്രാബല്യത്തില്‍ വരാത്തതിനെത്തുടര്‍ന്നാണ് കൗണ്‍സില്‍ മാന്‍പവര്‍ അതോറിറ്റിയെ സമീപിച്ചിട്ടുള്ളത്.