മാണിയെ അഴിമതിക്കാരനാക്കി, കേരള കോണ്‍ഗ്രസില്‍ പ്രതിഷേധം, നീരസം

കോട്ടയം- നിയമസഭാ അക്രമ കേസില്‍ കെ.എം മാണിക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ പരാമര്‍ശത്തിനെതിരെ കടുത്ത പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ് എം രംഗത്തു വന്നു. ചൊവ്വാഴ്ച ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിക്കുശേഷം പാര്‍ട്ടി നിലപാട് നേതൃത്വം പരസ്യമായി പ്രകടിപ്പിക്കുമെന്നാണ് അറിയുന്നത്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി പ്രതികരണം അറിയിച്ചില്ല.

രണ്ടു തവണ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ മാണിയെക്കുറിച്ച് നിരുത്തരവാദപരമായാണ് പറഞ്ഞതെന്നാണ് പാര്‍ട്ടി അഭിപ്രായം. അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണമെന്നും കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അന്തരിച്ച കെ.എം മാണി സാറിനെക്കുറിച്ച് നടത്തിയ വസ്തുതാവിരുദ്ധമായ പരാമര്‍ശത്തില്‍ കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിക്കുള്ള കടുത്ത പ്രതിഷേധം അറിയിക്കുന്നു. രണ്ടു തവണ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും ഒരു തരത്തിലും കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയ മാണിയെക്കുറിച്ച് തികച്ചും നിരുത്തരവാദപരമായ പരാമര്‍ശം നടത്തിയ അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണം. ഈ പരാമര്‍ശം ഉടന്‍ പിന്‍വലിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

അഭിഭാഷകന്‍ ഇത്തരമൊരു നിലപാടെടുത്തത് തെറ്റാണ്. അദ്ദേഹത്തിനോട് സര്‍ക്കാര്‍ വിശദീകരണം ചോദിക്കണം. കോട്ടയത്ത് പാര്‍ട്ടിയുടെ നിര്‍ണായകമായ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരാനിരിക്കുകയാണ്. കെ.എം മാണിയെ അഴിമതിക്കാരനായി ചിത്രീകരിച്ചുളള പരാമര്‍ശം കേരള കോണ്‍ഗ്രസ് കേന്ദ്രങ്ങളെ നടുക്കി. പാര്‍ട്ടിയെ വല്ലാതെ വെട്ടിലാക്കിയിരിക്കുകയാണ് പരാമര്‍ശം. സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാവും. പാര്‍ട്ടി അപമാനിക്കപ്പെട്ടിരിക്കുകയാണെന്നാണ് പൊതുവികാരം. സ്റ്റിയറിംഗ് കമ്മറ്റിക്കു ശേഷം ജോസ് കെ. മാണി പ്രതികരിക്കുമെന്നാണ്് അറിയുന്നത്്.

 

 

Latest News