ഭാര്യയെ തീവെച്ച് കൊന്ന കേസില്‍ ജീവപര്യന്തം; രണ്ടു പേരും ബധിരര്‍

കൊല്ലം- ഭിന്നശേഷിക്കാരായ ദമ്പതികളില്‍ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീവെച്ച് കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും, പിഴ ഒടുക്കാത്ത പക്ഷം ഒരുവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. പള്ളിത്തോട്ടം ക്യൂഎസ്എസ്  കോളനിയിലെ വെളിച്ചം നഗര്‍ 97ല്‍ മോളി  (29)  മരിച്ച കേസില്‍ ഭര്‍ത്താവ് അനില്‍കുമാറിനെതിരെ  കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി.ഷേര്‍ലിയാണ്  വിധി പറഞത്. മോളിയും അനില്‍കുമാറും ബധിരരും മൂകരുമാണ്.
2017 ഒക്ടോബര്‍ 31നാണ് കേസിനാസ്പദമായ സംഭവം. അടുക്കളയില്‍ ഭക്ഷണം തയ്യാറാക്കുന്നതിനിടെ ഭര്‍ത്താവ് അനില്‍കുമാര്‍ പിന്നില്‍നിന്ന് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു.  പാത്രങ്ങള്‍ വീഴുന്ന ശബ്ദം കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോള്‍ അനില്‍കുമാര്‍ മോളിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു കത്തിക്കുന്നത് കണ്ടു. വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയ അയല്‍വാസികള്‍ തീയണച്ച് പുറത്തേക്ക് ഇറക്കാന്‍ ശ്രമിച്ചു.  അനില്‍കുമാര്‍ വീണ്ടും മോളിയെ പിടിച്ചുവലിച്ചു തീകത്തിക്കാന്‍ ശ്രമിച്ചിരുന്നു. ശരീരത്തില്‍ 70 ശതമാനം പൊള്ളലേറ്റ  മോളി   കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ നവംബര്‍ ആറിനാണ് മരിച്ചത്.
മോളിയുടെ മരണമൊഴി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെയും പരിഭാഷകന്റെയും സാന്നിധ്യത്തില്‍ ഏറ്റുമാനൂര്‍ മജിസ്ട്രേട്ട് രേഖപ്പെടുത്തിയിരുന്നു. അനില്‍കുമാറിന്റെ  പീഡനങ്ങള്‍ മരണമൊഴിയിലുണ്ട്. മോളിയേയും മകന്‍ രണ്ടരവയസുളള ക്രിസ്മാര്‍ക്കിനേയും മുറിക്കുള്ളില്‍ പൂട്ടിയിട്ട  ശേഷമാണ് അനില്‍കുമാര്‍ മത്സ്യബന്ധനത്തിനു പോയിരുന്നത്.  
അനാഥയായ മോളിയെ കോട്ടയം നവജീവനില്‍ നിന്നാണ് വിവാഹം കഴിച്ചത്. പള്ളിത്തോട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന മഞ്ചുലാല്‍ ആണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുമ്പാകെ അന്തിമ റിപ്പോര്‍ട്ട് ഹാജരാക്കിയത്. നിരവധി ശാസ്ത്രീയ തെളിവുകളും വിദഗ്ധ ഡോക്ടര്‍മാരുടെ മൊഴികളും മരണമൊഴിയും തെളിവില്‍ പരിശോധിച്ച ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. നിരവധി സാക്ഷികളെയും മറ്റും വിസ്തരിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പാലത്തറ വിനു കരുണാകരനും അഭിഭാഷകരായ ജിവ കെ തങ്കം, ജെ കാതറീന, മാലിനി ശ്രീധര്‍ വിക്രു എന്നിവര്‍ ഹാജരായി.

 

Latest News