കാസര്‍കോട്ട് വള്ളം മറിഞ്ഞു കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കാസര്‍കോട്- കാസര്‍കോട് അഴിമുഖത്ത് മീന്‍പിടുത്ത വള്ളം തിരമാലയില്‍പ്പെട്ട് തകര്‍ന്ന് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കാസര്‍കോട് കസബ കടപ്പുറത്ത് നിന്നു മീന്‍പിടുത്തത്തിന് പോയ ശശിധരന്റെ മകന്‍ സന്ദീപ് (29 ), അമ്പാടികടവന്റെ മകന്‍ രതീശന്‍ (33), ഷണ്‍മുഖന്റ മകന്‍ കാര്‍ത്തിക്ക് (22) എന്നിവരാണ് മരിച്ചത്. സന്ദീപിന്റെയും കാര്‍ത്തിക്കിന്റെയും മൃതദേഹങ്ങള്‍ കോട്ടിക്കുളം കോടി കടപ്പുറത്ത് തിങ്കളാഴ്ച രാവിലെ കരക്കടിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. രതീഷിന്റെ മൃതദേഹം തിരച്ചില്‍ നടത്തുകയായിരുന്ന മത്സ്യത്തൊഴിലാളികള്‍ കോട്ടിക്കുളം കടലില്‍ നിന്ന് രാവിലെ കണ്ടെത്തി കരക്കെത്തിച്ചു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കൂടെ വള്ളത്തില്‍ ഉണ്ടായിരുന്ന സോമന്റെ മകന്‍ രവി (40), ലക്ഷ്മണന്റെ മകന്‍ ഷിബിന്‍ (30), ഭാസ്‌ക്കരന്റെ മകന്‍ മണികുട്ടന്‍ (35), വസന്തന്റെ മകന്‍ ശശി (30) എന്നിവര്‍ പരിക്കുകളോടെ നീന്തി രക്ഷപ്പെട്ടിരുന്നു. ഇവരും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. എഞ്ചിന്‍ ഘടിപ്പിച്ച് ഫൈബര്‍ വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോകുന്നതിനിടയില്‍ കാസര്‍കോട് പുലിമുട്ടിന് സമീപം പെട്ടെന്നുണ്ടായ അടിയൊഴുക്കില്‍ അകപ്പെട്ട ആണ് വള്ളം തകര്‍ന്നത്. ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം.

https://www.malayalamnewsdaily.com/sites/default/files/2021/07/05/sea13.jpg
കടലിലേക്ക് തെറിച്ചുവീണ മൂന്ന് യുവാക്കളാണ് മരിച്ചത്. രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ കടല്‍ ഭാഗത്തേക്ക് നീന്തിപ്പോയതിനാല്‍ തിരമാലയില്‍ അകപ്പെടുകയായിരുന്നു. മൂവ്വരും സ്ഥിരമായി മീന്‍ പിടിക്കാന്‍ പോകുന്ന നന്നായി നീന്തല്‍ വശമുള്ളവരാണ്. രക്ഷപ്പെട്ട നാലുപേരും തകര്‍ന്ന തോണിയുടെ വശങ്ങളില്‍ പിടിച്ചുതൂങ്ങുകയായിരുന്നു. ശക്തമായ തിരമാലകളുടെ അടിയേറ്റെങ്കിലും നാലുപേരും പിടിവിടാന്‍ തയ്യാറായില്ല. കരക്കടിഞ്ഞ തോണിയുടെ ഒപ്പം തന്നെ ഇവരും കരയിലെത്തി. ഫൈബര്‍ തോണി ശക്തമായ തിരമാലയില്‍പ്പെട്ട് ഭാഗികമായി തകര്‍ന്ന നിലയിലാണ് കരക്കടിഞ്ഞത്. കാണാതായ മൂന്ന് പേര്‍ക്ക് വേണ്ടി കാസര്‍കോട് കോസ്റ്റല്‍ പോലീസിന്റെ ബോട്ടും മീന്‍പിടുത്ത തൊഴിലാളികളുടെ വള്ളങ്ങളും തിരച്ചില്‍ നടത്തിയിരുന്നു. ഫിഷറീസ് വകുപ്പിന്റെ ബോട്ട് തൈക്കടപ്പുത്ത് നിന്നും കീഴൂര്‍ കടപ്പുറത്ത് എത്തി തിരച്ചിലില്‍ പങ്കാളികളായി. കോട്ടിക്കുളം , കാസര്‍കോട് കടപ്പുറം , കീഴൂര്‍ കടപ്പുറം, കാഞ്ഞങ്ങാട് കടപ്പുറം, ചിത്താരി, മഞ്ചേശ്വരം, ഉപ്പള കടലുകളില്‍ പ്രത്യേകം വള്ളങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ തിരച്ചില്‍ നടത്തി. ഇതിനിടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്

 

 

Latest News