Sorry, you need to enable JavaScript to visit this website.

റബർ വിലയിടിവ് കർഷകർക്ക് തിരിച്ചടിയായി

രാജ്യാന്തര റബർ മാർക്കറ്റിലെ വില തകർച്ച ഉൽപാദന രാജ്യങ്ങളെ പ്രതിസന്ധിലാക്കി. ബാങ്കോക്കിൽ റബർ വില വീണ്ടും ഇടിഞ്ഞു. ജൂൺ ആദ്യം ക്വിൻറ്റലിന് 16,660 രൂപയിൽ വ്യാപാരം നടന്ന നാലാം ഗ്രേഡിന് തുല്യമായ ചരക്ക് ഇപ്പോൾ 14,125 രൂപയിലാണ്, അതായത് ഒരു  മാസത്തിനിടയിൽ 2535 രൂപയുടെ ഇടിവ്.
കേരളത്തിലെ ഒട്ടുമിക്ക തോട്ടങ്ങളിലും റബർ മരങ്ങളിൽ നിന്നുള്ള യീൽഡ് ഉയർന്നു. കാലവർഷം ദുർബലമായതിനാൽ ജൂണിൽ ടാപ്പിംഗിന് കാര്യമായ തടസ്സം നേരിട്ടില്ല. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മൺസൂൺ ആദ്യ മാസം മികച്ച രീതിയിൽ റബർ വെട്ടിന് പലർക്കും അവസരം ലഭിച്ചത്. റബർ ഉൽപാദനം ഉയർന്നതും വിദേശ വിപണികളിലെ വില ഇടിവും മറയാക്കി ടയർ ലോബി നിരക്ക് ഇടിച്ചു. വ്യവസായിക ഡിമാന്റ് മങ്ങിയതോടെ കൊച്ചി നാലാം ഗ്രേഡ് റബർ 16,850 രൂപയിൽനിന്ന് 16,500 ലേയ്ക്ക് താഴ്ന്നു. കോട്ടയത്ത് നിരക്ക് 16,600 രൂപയാണ്. ഈ റേഞ്ചിൽ തിരിച്ചു വരവിന് അവസരം ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ് ഒരു വിഭാഗം വ്യാപാരികൾ. 


നാളികേരോൽപന്നങ്ങൾക്കും തളർച്ച. മുൻവാരം സൂചിപ്പിച്ചതാണ് വൻ തോതിലുള്ള പാം ഓയിൽ വരവ് വെളിച്ചെണ്ണയെ സമ്മർദത്തിലാക്കുമെന്നത്. വൻകിട മില്ലുകാർ വില ഇടിച്ചാണ് കൊപ്ര സംഭരിച്ചത്. കൊച്ചിയിൽ വെളിച്ചെണ്ണ വില 200 രൂപ കുറഞ്ഞ് 17,100 രൂപയായി. കൊപ്ര വില 10,700 രൂപ. 
രൂപയുടെ മൂല്യ തകർച്ച കുരുമുളക് ഇറക്കുമതിയുടെ ആകർഷണം കുറയുമെന്ന വിലയിരുത്തൽ വ്യവസായികളെ ആഭ്യന്തര മാർക്കറ്റിൽ പിടിമുറുക്കാൻ പ്രേരിപ്പിച്ചു. ജൂൺ ആദ്യം 72.50 ൽ നീങ്ങിയ രൂപയുടെ മൂല്യമിപ്പോൾ 74.55 ലേയ്ക്ക് ഇടിഞ്ഞു. ഇറക്കുമതി ചിലവ് ഉയരുന്നതിനാൽ പുതിയ കച്ചവടങ്ങളിൽനിന്ന് ഇറക്കുമതി ലോബി പിൻവലിയാം. വിയെറ്റ്‌നാം, ശ്രീലങ്കൻ ചരക്ക് വരവ് കുറഞ്ഞാൽ മലബാർ ചരക്കിന് ഡിമാന്റ് ഉയരും. കേരളത്തിൽ നിന്നുള്ള കുരുമുളക് ലഭ്യത കുറഞ്ഞത് അന്തർസംസ്ഥാന വ്യാപാരികളെ അസ്വസ്ഥരാക്കുന്നു. അവർ നിരക്ക് ഉയർത്തി കർഷകരെ ആകർഷിക്കാനുള്ള ശ്രമത്തിലാണ്. ഇത് ഓഫ് സീസണിലെ വിലക്കറ്റത്തിന് വഴിതെളിക്കാം. ഒക്ടോബർ വരെ ഉത്സവ ഡിമാന്റ് പ്രതീക്ഷിക്കാം. ഗാർബിൾഡ് കുരുമുളക് വില 41,900 രൂപ.  അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5600 ഡോളറാണ്. വിയെറ്റ്‌നാം 4150 ഡോളറിനും ബ്രസീൽ 4000 ഡോളറിനും ഇന്തോനേഷ്യ 3800 ഡോളറിനും മലേഷ്യ 5000 ഡോളറിനും ക്വട്ടേഷൻ ഇറക്കി. 


മധ്യകേരളത്തിലെ കാർഷിക മേഖലയിൽ നിന്നുള്ള പുതിയ ജാതിക്ക വരവ് ഉയർന്നു. വ്യവസായികളും കയറ്റുമതിക്കാരും മികച്ചയിനത്തിൽ താൽപര്യം കാണിച്ചു. അറബ് രാജ്യങ്ങളിൽ നിന്നും ഔഷധ വ്യവസായികളിൽ നിന്നും ഉൽപ്പന്നത്തിന് ആവശ്യകാരുണ്ട്. ഉത്തരേന്ത്യയിൽ ജാതിക്ക സ്റ്റോക്ക് ചുരുങ്ങിയതിനാൽ വൈകാതെ നിരക്ക് ഉയരാൻ സാധ്യത. അനവസരത്തിലെ മഴ മൂലം മദ്ധ്യകേരളത്തിലെ ഒട്ടുമിക്ക തോട്ടങ്ങളിലും നേരത്തെ മൂപ്പ് എത്തും മുമ്പേ വൻതോതിൽ ജാതിക്ക അടർന്നു വീണത് കർഷകരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു. ജാതിക്ക തൊണ്ടൻ 200-240 രൂപയായും തൊണ്ടില്ലാത്ത് 450-480, ജാതിപത്രി 1000-1100 രൂപയായും ഇടിഞ്ഞു. 
ചുക്കിന് ആവശ്യകാരുണ്ടങ്കിലും അതിന് അനുസൃതമായി വില ഉയരുന്നില്ല. ഉത്തരേന്ത്യക്കാർ മികച്ചയിനം ചുക്ക് കിലോ 185 രൂപയ്ക്ക് വരെ ശേഖരിച്ചു. കൊച്ചിയിൽ മീഡിയം ചുക്ക് 16,500 രൂപയിലും ബെസ്റ്റ് ചുക്ക് 17,500 രൂപയിലുമാണ്. ആഭരണ കേന്ദ്രങ്ങളിൽ സ്വർണ വില പവന്  35,280 രൂപയിൽ നിന്ന് 35,440 രൂപയായി. ന്യുയോർക്കിൽ ട്രോയ് ഔൺസിന് 1787 ഡോളർ. യു.എസ് ഫെഡ് റിസർവ് 2023 ൽ പലിശ നിരക്ക് ഉയർത്തുമെന്ന പ്രഖ്യാപനംമൂലം ജൂണിൽ സ്വർണ വില ഏഴ് ശതമാനം ഇടിഞ്ഞു. 

Latest News