തിരുവനന്തപുരം- തനിക്കെതിരെ പ്രഖ്യാപിച്ച ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്ന് കെ.പി.സി. സി അധ്യക്ഷന്‍ കെ. സുധാകരന്‍. സര്‍ക്കാരിനോടും പോലീസിനോടും പറയാനുള്ളത് വിശ്വാസയോഗ്യമായ ഒരാളിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാണ്. പരാതി കൊടുത്ത മുന്‍ ഡ്രൈവര്‍ ബാങ്കില്‍ കൊടുത്ത ജോലി ദുരുപയോഗം ചെയ്ത് 19 ലക്ഷം രൂപ തിരിമറി നടത്തിയ വ്യക്തിയാണ്. ഫിക്സഡ് ഡപ്പോസിറ്റ് അടയ്ക്കാന്‍ കൊണ്ടുവന്ന പണം അവിടെനിന്ന് അടിച്ചുമാറ്റി. ഇതേ തുടര്‍ന്ന് ബാങ്കില്‍നിന്ന് പുറത്താക്കിയതാണെന്നും സുധാകരന്‍ ആരോപിച്ചു.
ഞങ്ങളുടെ കാലത്തല്ല ബാങ്കില്‍നിന്ന് പുറത്താക്കിയത്. ഇപ്പോള്‍ അയാള്‍ സി.പി.എമ്മിലേക്ക് എത്തിയിരിക്കുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പലരോടും പണം വാങ്ങിയിട്ടുണ്ട്. രാവും പകലും മദ്യപിക്കുന്ന ഒരാളാണ്. ഇങ്ങനെ ഒരാളിന്റെ പരാതിയുടെ പുറത്ത് ഒരു വിജിലന്‍സ് കേസ് പാര്‍ലമെന്റ്് അംഗമായ തനിക്കെതിരെ എടുക്കുമ്പോള്‍ അതിന്റെ നിയമവശങ്ങള്‍ പരിശോധിക്കാനുള്ള ബുദ്ധിയെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സുധാകരന്‍ പറഞ്ഞു.
വിജിലന്‍സ് അന്വേഷണമെന്നല്ല, സി.ബി.ഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ നടത്തിക്കോളൂ. ഒരു രൂപയുടെ എങ്കിലും സാമ്പത്തിക ക്രമക്കേടോ തെറ്റായ എന്തെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കാനായാല്‍ അന്ന് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കും.
മറ്റുള്ളവര്‍ തീക്കുണ്ഡം കത്തിക്കുമ്പോള്‍ ഓലച്ചൂട്ടെങ്കിലും സി.പി.എം കത്തിക്കണ്ടേ. തനിക്കെതിരായ വിജിലന്‍സ് അന്വേഷണം സി.പി.എമ്മിന്റെ ഓലച്ചൂട്ടാണ്. താത്ക്കാലിക ഡ്രൈവറായിരുന്ന് തന്നെ ചതിക്കാന്‍ ശ്രമിച്ചിരുന്ന ആളാണ് പരാതിക്കാരന്‍. ഗള്‍ഫില്‍നിന്ന് ഒരാളോടും ഡി.സി.സി ഓഫീസ് നിര്‍മ്മാണത്തിന് പിരിവെടുത്തിട്ടില്ല. കേസ് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.