ആറു വയസുകാരിയുടെ മരണം; അയല്‍വാസി കസ്റ്റഡിയില്‍

ഇടുക്കി-വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി ആറുവയസുകാരി മരിച്ച സംഭവത്തില്‍ അയല്‍വാസിയായ യുവാവ് പോലീസ് കസ്റ്റഡിയില്‍. ചെലത്ത് ലയത്തില്‍ താമസിക്കുന്ന കണ്ണന്റെ മകള്‍ ഹര്‍ഷിത(6)യെ ആണ് കഴിഞ്ഞ  30ന് ലയത്തിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിനുള്ളില്‍ വാഴക്കുല കെട്ടി ഇട്ടിരുന്ന കയറില്‍ പിടിച്ചു കളിച്ചുകൊണ്ട് ഇരിക്കവേ  കഴുത്തിലുണ്ടായിരുന്ന ഷാള്‍ കുരുങ്ങുകയും കഴുത്ത് മുറുകുകയും ചെയ്ത് മരണപ്പെട്ടതാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.എസ്റ്റേറ്റ് തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിക്ക് പോയപ്പോഴായിരുന്നു അപകടം.  സഹോദരന്‍ കവിന്‍  വീട്ടിലുണ്ടായിരുന്നില്ല.
പോലിസ് അസ്വാഭാവിക മരണത്തിന് അന്നു തന്നെ കേസെടുത്തിരുന്നു. മൃതദേഹ പരിശോധനയില്‍ സംശയം തോന്നിയ ഡോക്ടര്‍ ഈ വിവരം പോലീസുമായി പങ്കുവെച്ചതോടെ രഹസ്യ അന്വേഷണത്തില്‍ സംശയം തോന്നിയ നാലുപേരെ കസ്റ്റഡിയിലെടുത്തു.
മൂന്നുപേരെ വിട്ടയച്ചെങ്കിലും അയല്‍വാസിയായ ഇരുപത്തിരണ്ടുകാരനെ പോലിസ് വീണ്ടും വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. മൃതദേഹ പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കും.വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

 

Latest News