പെര്‍മിറ്റില്ലാതെ മക്കയില്‍ പ്രവേശിക്കരുത്; 10,000 റിയാല്‍ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

മക്ക - നാളെ മുതല്‍ പെര്‍മിറ്റില്ലാതെ വിശുദ്ധ ഹറമിലും ഹറമിനടുത്ത സെന്‍ട്രല്‍ ഏരിയയിലും മിനായിലും മുസ്ദലിഫയിലും അറഫയിലും എത്താന്‍ ശ്രമിച്ച് പിടിയിലാകുന്നവര്‍ക്ക് 10,000 റിയാല്‍ തോതില്‍ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
നിയമ ലംഘനം ആവര്‍ത്തിച്ച് കുടുങ്ങുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. ഹറമിലും ഹറമിനടുത്ത പ്രദേശങ്ങളിലും പുണ്യസ്ഥലങ്ങളിലും എത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാകുന്നവര്‍ക്ക് ദുല്‍ഹജ് 13 വരെയുള്ള കാലത്ത് പിഴ ചുമത്തും.
ഹജ് സീസണില്‍ കൊറോണ വ്യാപനം തടയാന്‍ അംഗീകരിച്ച മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് നിയമ വിരുദ്ധമായി ഹറമിനടുത്ത പ്രദേശങ്ങളിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുന്നവര്‍ക്ക് പിഴ ചുമത്തുന്നത്. ഹജുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സൗദി പൗരന്മാരും വിദേശികളും പാലിക്കണം. നിയമ ലംഘകരെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ വിശുദ്ധ ഹറമിലേക്കും പുണ്യസ്ഥലങ്ങളിലേക്കുമുള്ള മുഴുവന്‍ വഴികളിലും സുരക്ഷാ സൈനികരെ വിന്യസിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും സാമൂഹിക, വിനോദ, സാംസ്‌കാരിക പരിപാടികളിലും പ്രവേശിക്കാനും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാനും അംഗീകൃത വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന വ്യവസ്ഥ അടുത്ത മാസം ഒന്നു മുതല്‍ നിര്‍ബന്ധമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ലെഫ്. കേണല്‍ ത്വലാല്‍ അല്‍ശല്‍ഹോബ് പറഞ്ഞു.

 

Latest News