റിയാദ് - നാൽപതിൽ കൂടുതൽ പ്രായമുള്ളവർക്ക് രണ്ടാം ഡോസ് കൊറോണ വാക്‌സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിൻ ലഭിക്കാൻ സിഹതീ ആപ്പ് വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. സൗദിയിൽ പ്രതിദിന കൊറോണ കേസുകളിൽ ഏറ്റക്കുറച്ചിലുകളുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽആലി പറഞ്ഞു. എന്നാൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ സ്ഥിരതയുണ്ട്. ഇത് സന്തോഷകരമായ കാര്യമാണ്.
കൊറോണ മഹാമാരിയിൽ നിന്ന് പുറത്തുകടക്കാനുള്ള ദിശയിൽ ലോകം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലോകത്ത് ഇതിനകം മുന്നൂറു കോടിയിലേറെ ഡോസ് വാക്‌സിൻ വിതരണം ചെയ്തിട്ടുണ്ട്. ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച് രണ്ടാഴ്ചക്കു ശേഷം തന്നെ പ്രതിരോധ ശേഷി രൂപപ്പെടും. ബൂസ്റ്റർ എന്നോണമാണ് രണ്ടാം ഡോസ് വാക്‌സിൻ നൽകുന്നത്. രണ്ടാം ഡോസ് സ്വീകരിച്ച് രണ്ടാഴ്ചക്കു ശേഷം പ്രതിരോധ ശേഷി പരമാവധി തോതിലെത്തും. പത്തു ദിവസത്തിനു ശേഷം പ്രതിരോധ ശേഷി മികച്ച നിലയിലെത്തിയേക്കും.