Sorry, you need to enable JavaScript to visit this website.

തോണി തകര്‍ന്ന് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി; നാല് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്- അഴിമുഖത്ത് മീന്‍പിടുത്ത തോണി തിരമാലയില്‍പ്പെട്ട് തകര്‍ന്ന് മൂന്ന് പേരെ കാണാതായി. നാലു പേര്‍ രക്ഷപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. കസബ കടപ്പുറത്ത് നിന്നു മീന്‍പിടുത്തത്തിന് പോയ ശശിധരന്റെ മകന്‍ സന്ദീപ് (29 ), അമ്പാടികടവന്റെ മകന്‍ രതീശന്‍ (33), ഷണ്‍മുഖന്റ മകന്‍ കാര്‍ത്തിക്ക് (22) എന്നിവരെയാണ് കടലില്‍ കാണാതായത്.

തോണിയില്‍ ഉണ്ടായിരുന്ന സോമന്റെ മകന്‍ രവി (40), ലക്ഷ്മണന്റെ മകന്‍ ഷിബിന്‍ (30), ഭാസ്‌ക്കരന്റെ മകന്‍ മണികുട്ടന്‍ (35), വസന്തന്റെ മകന്‍ ശശി (30) എന്നിവര്‍ പരിക്കുകളോടെ നീന്തി രക്ഷപ്പെട്ടു. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാസര്‍കോട് ഹാര്‍ബറിന് സമീപത്തെ പുലിമുട്ടിനടുത്തായി കടലില്‍ ചുഴി രൂപപ്പെട്ടതാണ് അപകടത്തിന് കാരണമായത്. പെട്ടെന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ഇവര്‍ കയറിയ ഫൈബര്‍ തോണി ചുഴിയില്‍ അകപ്പെട്ടു കറങ്ങുകയായിരുന്നു. കടലിലേക്ക് തെറിച്ചുവീണ മൂന്ന് യുവാക്കളും രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍കടല്‍ ഭാഗത്തേക്കാണ് നീന്തിപ്പോയത്. ഇതാണ് തിരമാലയില്‍ അകപ്പെടാന്‍ കാരണമായത്. മൂവ്വരും സ്ഥിരമായി മീന്‍ പിടിക്കാന്‍ പോകുന്ന നന്നായി നീന്തല്‍ വശമുള്ളവരാണ്. രക്ഷപ്പെട്ട നാലുപേരും തകര്‍ന്ന തോണിയുടെ വശങ്ങളില്‍ പിടിച്ചുതൂങ്ങുകയായിരുന്നു.

ശക്തമായ തിരമാലകളുടെ അടിയേറ്റെങ്കിലും നാലുപേരും പിടിവിടാന്‍ തയ്യാറായില്ല. കരക്കടിഞ്ഞ തോണിയുടെ ഒപ്പം തന്നെ ഇവരും കരയിലെത്തി. മല്‍സ്യത്തൊഴിലാളികള്‍ കയറിയ ഫൈബര്‍ തോണി ശക്തമായ തിരമാലയില്‍പ്പെട്ട് ഭാഗികമായി തകര്‍ന്ന നിലയിലാണ് കരക്കടിഞ്ഞത്.

കാണാതായ മൂന്ന് പേര്‍ക്ക് വേണ്ടി കാസര്‍കോട് കോസ്റ്റല്‍ പൊലീസിന്റെ ബോട്ടും മീന്‍പിടുത്ത തൊഴിലാളികളുടെ വള്ളങ്ങളും തിരച്ചില്‍ നടത്തിവരികയാണ്. ഫിഷറീസ് വകുപ്പിന്റെ ബോട്ട് തൈക്കടപ്പുത്ത് നിന്നും കീഴൂര്‍ കടപ്പുറത്ത് എത്തി തിരച്ചിലില്‍ പങ്കാളികളായി. കോട്ടിക്കുളം , കാസര്‍കോട് കടപ്പുറം , കീഴൂര്‍ കടപ്പുറം, കാഞ്ഞങ്ങാട് കടപ്പുറം, ചിത്താരി, മഞ്ചേശ്വരം, ഉപ്പള കടലുകളില്‍ പ്രത്യേകം വള്ളങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ തന്നെ തിരച്ചില്‍ നടത്തി. ഉച്ചക്ക് നിര്‍ത്തിയ തിരച്ചില്‍ വൈകീട്ട് വീണ്ടും പുനഃരാരംഭിച്ചു.

സംഭവമറിഞ്ഞ് കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന്, ഉദുമ എം എല്‍ എ സി എച്ച് കുഞ്ഞമ്പു , മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ നേതാക്കളായ ജി നാരായണന്‍, ആര്‍ ഗംഗാധരന്‍, ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, കൗണ്‍സിലര്‍മാരായ പി രമേശന്‍, ഉമ കടപ്പുറം, പ്രവാസി കോണ്‍ഗ്രസ് നേതാവ് ബാബു തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നേതൃത്വം വഹിച്ചു. ബേക്കല്‍ ഡിവൈ. എസ് പി സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി.

Latest News