Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഡോക്ടർമാരും സാമൂഹിക പ്രതിബദ്ധതയും

രോഗിയുടെ പ്രശ്നങ്ങൾ വിശദമായി കേൾക്കാൻ പോലും മിക്കപ്പോഴും സമയമില്ലാത്തവരാണ് നമ്മുടെ ഡോക്ടർമാർ. അതുവഴി രോഗിയുടെ സ്വാഭാവികമായ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്. എന്താണ് രോഗം, നൽകാൻ പോകുന്ന ചികിത്സ എന്തൊക്കെ, തുടർനടപടികൾ എന്തായിരിക്കും, ഭവിഷ്യത്തുകൾ ഉണ്ടെങ്കിൽ അവയുടെ സാധ്യത എത്രത്തോളം. ചെലവ് എത്രത്തോളം എന്നിവയെല്ലാം രോഗി / ബന്ധുക്കൾ എന്നിവരെ അറിയിക്കാൻ ഡോക്ടർമാർ ബാധ്യസ്ഥരാണ്. 

ഏറെ ആഘോഷത്തോടെയായിരുന്നു ഈ വർഷത്തെ ഡോക്ടേഴ്‌സ് ഡേ കടന്നുപോയത്. കോവിഡ് ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തിൽ ഒന്നരവർഷമായി ജീവൻ കൈപിടിച്ചു സ്വന്തം ഉത്തരവാദിത്തം നിർവ്വഹിക്കുന്നവരാണ് വലിയൊരു വിഭാഗം ഡോക്ടർമാരും. അതിനാൽ തന്നെ സമൂഹത്തിലെ വലിയൊരു വിഭാഗത്തിൽ നിന്നുള്ള വൈകാരികമായ പിന്തുണ അവർക്കൊപ്പമുണ്ട്. അതാവശ്യവുമാണ്. അതേസമയം തങ്ങളിൽ സമൂഹം കാണുന്ന പ്രതീക്ഷക്കൊപ്പം ഉയരാൻ ഡോക്ടർമാർക്കാകുന്നുണ്ടോ എന്ന ആത്മപരിശോധനയും ഇത്തരമൊരു ദിനാഘോഷത്തിൽ അനിവാര്യമായിരുന്നു. അതുപക്ഷെ എവിടേയും കാണുകയുണ്ടായില്ല. രോഗികളുടെ അവകാശങ്ങളോട് ഡോക്ടർമാർ എത്രമാത്രം നീതി പുലർത്തുന്നുണ്ട് എന്നതാണ് അവരെ വിലയിരുത്തേണ്ട ആദ്യമാനദണ്ഡം. വിദ്യാർത്ഥികളോടുള്ള അധ്യാപകരുടെ ഉത്തരവാദിത്തം പോലെതന്നെ. അത്തരമൊരു വിഷയം പക്ഷെ ഒരു ഡോക്ടേഴ്‌സ് ഡേക്കും ചർച്ചയാകാറില്ല. 

ഡോക്ടർമാരും മരണപ്പെടുന്ന രോഗികളുടെ ബന്ധുക്കളുമായുളള സംഘർഷം കേരളത്തിൽ വർദ്ധിച്ചുവരികയാണ്. ആശുപത്രികളും ഡോക്ടർമാരും പലപ്പോഴും ആക്രമിക്കപ്പെടുന്നു. കഴിഞ്ഞ ദിവസവും അത്തരമൊരു സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി ഡോക്ടർമാരുടെ സമരം നടന്നു. തീർച്ചയായും നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ല. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. അപ്പോഴും അതിനൊരു മറുവശമുണ്ട്. ചികിത്സാപിഴവെന്ന ആരോപണങ്ങളിൽ നിയമത്തിന്റെ വഴിയെപോയി നീതി ലഭിക്കുക എളുപ്പമല്ല. കോടതികൾ ആശ്രയിക്കുക ഡോക്ടർമാരുടെ റിപ്പോർട്ടുകളെ തന്നെയാണല്ലോ. വേണ്ടത് അത്തരത്തിലുള്ള സംശയങ്ങൾ ഉണ്ടാകാനിടയുള്ള അവസരങ്ങൾ ഇല്ലാതാക്കുകയാണ്. അവിടെയാണ് രോഗികളുടെ അവകാശങ്ങളുടെ പ്രസക്തി. 


രോഗിയുടെ പ്രശ്നങ്ങൾ വിശദമായി കേൾക്കാൻ പോലും മിക്കപ്പോഴും സമയമില്ലാത്തവരാണ് നമ്മുടെ ഡോക്ടർമാർ. അതുവഴി രോഗിയുടെ സ്വാഭാവികമായ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്. എന്താണ് രോഗം, നൽകാൻ പോകുന്ന ചികിത്സ എന്തൊക്കെ, തുടർനടപടികൾ എന്തായിരിക്കും, ഭവിഷ്യത്തുകൾ ഉണ്ടെങ്കിൽ അവയുടെ സാധ്യത എത്രത്തോളം. ചെലവ് എത്രത്തോളം എന്നിവയെല്ലാം രോഗി / ബന്ധുക്കൾ എന്നിവരെ അറിയിക്കാൻ ഡോക്ടർമാർ ബാധ്യസ്ഥരാണ്. അത് രോഗികളുടെ അവകാശവുമാണ്. കഴിഞ്ഞില്ല, രോഗത്തിന്റെ സ്വഭാവവും രോഗിയുടെ സാമൂഹ്യ-സാമ്പത്തിക-ഗാർഹിക പാശ്ചാത്തലവും പരിഗണിച്ച്, ആശുപത്രിയിലോ സമീപപ്രദേശത്തോ ലഭ്യമായ സാന്ത്വന ചികിത്സയെക്കുറിച്ചും രോഗിയെ/ബന്ധുക്കളെ അറിയിക്കണം, രോഗിക്ക് ലഭി ക്കേണ്ട ആദരം, സ്വകാര്യത, മാന്യത, രോഗിയുടെ ശരീരം, ആത്മാഭിമാനം, സ്വകാര്യത ഇവയെല്ലാം ആദരിക്കപ്പെടണം. രോഗത്തിന് ലഭ്യമായ അലോപ്പതി ചികിത്സാവിധികൾക്ക് പുറമെ ലഭ്യമായ മറ്റ് രോഗനിവാരണമാർഗ്ഗങ്ങൾ (ആയുർവ്വേദം, ഹോമിയോ, പ്രകൃതിജീവനം തുടങ്ങിയവ) സംബന്ധിച്ച വിവരവും രോഗികൾക്ക് നൽകണം, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സൗജന്യ ചികിത്സാപദ്ധതികൾ, ഇൻഷുറൻസ് സേവനങ്ങൾ, അതത് കാലങ്ങളിൽ സംസ്ഥാനസർക്കാർ ബജറ്റിൽ പ്രഖ്യാപിക്കുന്ന ഇതര സൗജന്യ ചികിത്സാ പദ്ധതികൾ എന്നിവ സംബന്ധിച്ച് രോഗിയെ/ ബന്ധുക്കളെ ധരിപ്പിക്കണം, ചികിത്സിക്കുന്ന ഡോക്ടറുടെ പേര്, സവിശേഷ യോഗ്യതകൾ എന്നിവ അറിയിക്കണം, ഏതൊരു ഘട്ടത്തിലും ചികിത്സ നിഷേധിക്കാനുള്ള അവകാശം, മറ്റൊരു ഡോക്ടറേയോ ആശുപത്രിയിലോ ബന്ധപ്പെട്ട് വിദഗ്ധാഭിപ്രായം തേടാനുള്ള അവകാശം എന്നിവയും രോഗിക്ക് ലഭ്യമാകണം, ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യപ്പെടുന്ന രോഗിക്ക് തന്റെ രോഗം സംബന്ധിച്ച കണ്ടെത്തലുകൾ എന്തൊക്കെ, നൽകപ്പെട്ട ചികിത്സകൾ എന്തൊക്കെ, തുടർചികിത്സകൾ, രോഗസാധ്യതകൾ എന്നിവ സംബന്ധിച്ച വ്യക്തമായ റിപ്പോർട്ട് രേഖാമൂലം ലഭിക്കണം, പരാതികളുണ്ടെങ്കിൽ, ആരുടെ പക്കൽ എപ്രകാരം നൽകണം, അതിന്റെ രഹസ്യ സ്വഭാവം സംരക്ഷിക്കപ്പെടുമോ, പരാതിയിൻമേൽ നടത്തപ്പെട്ട അന്വേഷണം, സ്വീകരിച്ച നടപടികൾ-എന്നിവ സംബന്ധിച്ച വ്യക്തത രോഗിക്ക് ലഭിക്കണം.  ബിൽ തർക്കങ്ങളുടെ പേരിൽ രോഗിയേയോ മൃതദേഹത്തേയോ തടഞ്ഞുവെക്കരുത്. രോഗിക്കും അവരുടെ ഉറ്റവർക്കും കാണത്തക്കവിധം ഇക്കാര്യങ്ങൾ ഉൾക്കൊള്ളുന്ന വലിയ പരസ്യബോർഡുകൾ ആശുപത്രിയുടെ കവാടത്തിലും, വിവരങ്ങൾ നൽകുന്ന ഫ്രണ്ട് ഓഫീസിന്റെ സമീപത്തും സ്ഥാപിക്കണം.  രോഗികളുടെ ഇത്തരം അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നുതന്നെയല്ലേ മറുപടി? രോഗിക്ക് വായിച്ചാൽ മനസ്സിലാകുന്ന രീതിയിൽ മരുന്നുകളുടെ പേരുപോലും എഴുതാൻ ഡോക്ടർമാർ  തയ്യാറല്ല എന്നതാണ് യാഥാർത്ഥ്യം. ബില്ലുകൾ പോലും പലപ്പോഴും ലഭിക്കില്ല. ചികിത്സാനിരക്കുകളിൽ ഏകീകരണമില്ല.  


കോവിഡ് കാലത്തുപോലും രോഗികളോട് പ്രതിബദ്ധത പുലർത്താൻ ഡോക്ടർമാർ തയ്യാറാകാതിരുന്ന ഒരുദാഹരണം പറയാം. സംസ്ഥാനത്ത് കോവിഡും കോവിഡാനന്തര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മരിച്ച നിരവധി പേർ കോവിഡ് മരണലിസ്റ്റിൽ പെട്ടിട്ടില്ല എന്ന വിവരം ഏറെകാലമായി ചർച്ച ചെയ്യുന്നതാണല്ലോ. മരണത്തിന്റെ എണ്ണം കുറക്കുക എന്നതായിരുന്നു അതിലൂടെ സർക്കാർ ലക്ഷ്യമിട്ടത് എന്നതും വ്യക്തം. എന്നാലതിലൂടെ കോവിഡ് മരണവുമായി ബന്ധപ്പെട്ടു നൽകുന്ന സർക്കാർ സഹായങ്ങളാണ് മരിച്ചവരുടെ വീട്ടുകാർക്ക് നഷ്ടപ്പെടുന്നത്. ഏതൊരു രോഗിയുടേയും മരണം സ്ഥിരീകരിക്കാനും കാരണം പ്രഖ്യാപിക്കാനുമുള്ള അവകാശം ചികിത്സിച്ച ഡോക്ടർക്കായിരിക്കെ, സംസ്ഥാനത്ത് അത് നിഷേധിക്കപ്പെടുകയായിരുന്നു. മറിച്ച് സർക്കാർ നിയന്ത്രിക്കുന്ന ചില ഏജൻസികളാണ് അതു തീരുമാനിച്ചിരുന്നത്. തങ്ങളുടെയും രോഗികളുടേയും അവകാശങ്ങൾ നിഷേധിച്ചിരുന്ന ഈ നടപടിക്കെതിരെ ഡോക്ടർമാർ കാര്യമായൊന്നും പ്രതികരിച്ചില്ല എന്നതല്ലേ സത്യം? പ്രതിപക്ഷവും ജനങ്ങളും ശക്തമായി പ്രതികരിച്ചപ്പോഴാണ് ആ തീരുമാനം മാറ്റിയത്. ഇപ്പോഴിതാ മരിച്ചവരുടെ വീട്ടുകാർക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന് സുപ്രിംകോടതി വിധി വന്നിരിക്കുന്നു. പക്ഷെ നൂറുകണക്കിനുപേർക്ക് അതു നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളത്.  പ്രാദേശികമായ ഒരു സംഭവത്തിന്റെ പേരിൽ സംസ്ഥാനവ്യാപകമായി സമരം നടത്തിയവർ ഈ ഗുരുതരമായ വിഷയത്തെ കുറിച്ച് മൗനമായിരുന്നു. സുപ്രിംകോടതിവിധിക്കു ശേഷമിതാ മുൻമരണങ്ങളുടെ കാര്യത്തിൽ പരാതികളുണ്ടെങ്കിൽ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി പറയുന്നു. ഇത്തരമൊരു വീഴ്ചയിൽ  ഡോക്ടർമാർക്കും അവരുടെ സംഘടനകൾക്കും ഉത്തരവാദിത്തമുണ്ട് എന്നു പറയാതിരിക്കാനാവില്ല. രോഗികളുടെ അവകാശങ്ങൾ അംഗീകരിക്കുക എന്നതാണ് ഏതൊരു ഡോക്ടറുടേയും പ്രാഥമിക കടമ. അതേകുറിച്ചു പക്ഷെ ഡോക്ടഴേസ് ദിനത്തിലെങ്കിലും ആരും പറഞ്ഞില്ല എന്നുമാത്രം. 

Latest News