ജിദ്ദ - നഗരത്തിലെ വ്യത്യസ്ത സ്ഥലങ്ങളിൽ വെച്ച് മദ്യലഹരിയിൽ നാലു പേരെ പട്രോൾ പോലീസുകാർ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മദ്യലഹരിയിൽ ആദ്യം പിടിയിലായ യുവാവിന്റെ പക്കൽ ഉറവിടമറിയാത്ത പണവും ഹഷീഷും കണ്ടെത്തി. നഗരത്തിൽ മറ്റൊരിടത്ത് പട്രോൾ പോലീസ് സ്ഥാപിച്ച ചെക്ക് പോയിന്റിൽ വെച്ച് മദ്യലഹരിയിലുള്ള മറ്റു മൂന്നു പേരെയും പോലീസുകാർ അറസ്റ്റ് ചെയ്തു. ചെക്ക് പോയിന്റിൽ വെച്ച് സംശയം തോന്നി സംഘത്തിന്റെ കാർ പോലീസുകാർ തടഞ്ഞുനിർത്തിയപ്പോഴാണ് യാത്രക്കാർ മദ്യലഹരിയിലാണെന്ന് വ്യക്തമായത്. ഹഷീഷും ഒരു കുപ്പി മദ്യവും ഇവരുടെ പക്കൽ കണ്ടെത്തി.
ഗോഡൗണിൽ നിന്ന് കെട്ടിട നിർമാണ വസ്തുക്കളും വൻ കേബിൾ ശേഖരവും കവർന്ന മറ്റൊരു മൂന്നംഗ സംഘത്തെയും ജിദ്ദയിൽ നിന്ന് പട്രോൾ പോലീസുകാർ അറസ്റ്റ് ചെയ്തു. മോഷണ വസ്തുക്കൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന വാഹനവും പ്രതികളുടെ പക്കൽ നിന്ന് കസ്റ്റഡിയിലെടുത്തു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.






