പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണവുമായി പ്രകാശ് അംബേദ്കര്‍

ന്യൂദല്‍ഹി- മഹാരാഷ്ട്രയില്‍ വ്യാപകമായ ദളിത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയ ഭീമ കൊറെഗാവ് യുദ്ധവാര്‍ഷികത്തിനെതിരായ തീവ്രഹിന്ദുത്വ വാദികളുടെ ആക്രമണത്തിന് തുടക്കമിട്ടനേതാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മഹാരാഷ്ട്ര പോലീസിന്  നിര്‍ദേശം നല്‍കിയതായി ആരോപണം. 

പുനെയില്‍ ഭീമ കൊറെഗാവില്‍ ദളിതര്‍ക്കെതിരായ ആക്രമണം ഇളക്കിവിട്ട ശിവ പ്രതിസ്ഥാന്‍ നേതാവ് 85-കാരനായ സംഭാജി ഭിദെ, തീവ്രഹിന്ദുത്വ സംഘടനയായ സമസ്ത ഹിന്ദു അഘാഡി നേതാവ് മിലിന്ദ് എക്്ബോട്ടെ എന്നിവരെ അറസ്റ്റ് ചെയ്യരുതെന്ന മഹാരാഷ്ട്ര സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ കാര്യാലയം നിര്‍ദേശം നല്‍കിയിരുന്നതായി ദളിത് നേതാവും ബി ആര്‍ അംബേദ്കറുടെ പൗത്രനുമായ പ്രകാശ് അംബേദ്കറാണ് ആരോപണം ഉന്നയിച്ചത്. കലാപം ഇളക്കിവിട്ടതിന് ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

പ്രധാനമന്ത്രിയുടെ ഓഫീസ് ഇത്തരമൊരു നിര്‍ദേശം നല്‍കിയതായി ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിലെ ഒരു മന്ത്രിയാണ് തന്നോട് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് രജിസ്റ്റര്‍ ചെയ്ത് ഇത്ര ദിവസമായിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തിന്‍ മൗനം തുടരുന്നത് എന്തു കൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും പ്രകാശ് അംബേദ്കര്‍ പറഞ്ഞു. ആക്രണത്തിനു പിന്നിലുള്ളവരെ അപലപിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചവരെ സര്‍ക്കാര്‍ എന്തിനാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. 

ജാതി വിവേചനത്തിനും അടിച്ചമര്‍ത്തലിനുമെതിരായ ദളിതരുടെ പോരാട്ടത്തിന്റെ ആദ്യ വിജയമായാണ് ഭീമ കൊറെഗാവ് യുദ്ധവാര്‍ഷികം ദളിതര്‍ ആഘോഷിക്കുന്നത്. ബ്രാഹമണ നാട്ടുരാജാവിന്റെ സൈന്യത്തെ ദളിതരുടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ സൈന്യം യുദ്ധത്തില്‍ തോല്‍പ്പിച്ചതിന്റെ 200-ാം വാര്‍ഷിക ദിനമായിരുന്നു ജനുവരി ഒന്നിന്. ഈ ആഘോഷത്തിനു നേരെയാണ് ഹിന്ദുത്വവാദികള്‍ ആക്രമണമഴിച്ചു വിട്ടത്. ഇത് സംസ്ഥാനത്തുടനീളം ശക്തമായ ദളിത് പ്രതിഷേധത്തിനും അതിക്രമങ്ങള്‍ക്കും വഴിവെച്ചിരുന്നു.

Latest News