മര്‍ക്കസ് സമ്മേളനത്തില്‍ സംബന്ധിച്ച അറബി പത്രാധിപരുടെ അനുഭവം

കോഴിക്കോട്ട് മര്‍ക്കസ് റൂബി ജൂബിലി സമ്മേളനത്തില്‍ സംബന്ധിക്കുന്നതിന് കേരളത്തിലെത്തിയ യു.എ.ഇയിലെ അല്‍ ഇത്തിഹാദ് പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് മുഹമ്മദ് അല്‍ഹമ്മാദി മനംകവരുന്ന പ്രകൃതി ഭംഗിയെ കുറിച്ചും കേരളത്തില്‍ നിലനില്‍ക്കുന്ന സാഹോദര്യത്തെ കുറിച്ചും തന്റെ പ്രതിവാര കോളത്തില്‍ മനോഹരമായി വര്‍ണിച്ചിരിക്കുന്നു. മര്‍ക്കസ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശൈഖ് സായിദ് സമാധാന സമ്മേളനത്തിലാണ് അദ്ദേഹം പങ്കെടുത്തത്. 
മുഹമ്മദ് അല്‍ഹമ്മാദി എഴുതിയ കുറിപ്പില്‍നിന്ന്:

കേരളത്തില്‍ രണ്ടു ദിവസം
ഇതെന്റെ ആദ്യ കേരള യാത്രയാണ്. കുട്ടിക്കാലം മുതലേ ഞാന്‍ കേള്‍ക്കുന്ന പേരാണ് കേരളത്തിലെ കോഴിക്കോട്. യുഎഇയിലുള്ള ഇന്ത്യക്കാരില്‍ നിരവധി പേര്‍ ഈ നഗരത്തോട് ചേര്‍ന്നുള്ളവരാണ്. ഏതൊരു സഞ്ചാരിയുടെയും മനംകവരുന്ന പ്രകൃതി ഭംഗിയും മാന്യരായ ജനങ്ങളുമാണ് ഈ നാട്ടിലുളളത്. ഞാന്‍ മടങ്ങുവോളം എനിക്കത് അനുഭവപ്പെട്ടു.
മര്‍ക്കസു സഖാഫത്തില്‍ ഇസ്ലാമിയ സംഘടിപ്പിച്ച ശൈഖ് സായിദ് സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഞാന്‍ അവിടെയെത്തിയത്. 40 വര്‍ഷം മുമ്പ് സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനം ശൈഖ് അബുബക്കര്‍ ബിന്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ യത്തീം മക്കള്‍ക്ക് ആശാകേന്ദ്രമായി മാറിയിരിക്കുന്നു. ഇതിനകം ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ഇവിടെ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.
സമാധാനത്തെ ഇഷ്ടപ്പെട്ട മഹാത്മാ ഗാന്ധിയുടെയും ടാഗോറിന്റെയും നാടാണ് ഇന്ത്യ. അവരൊക്കെ സമാധാനത്തിനും പരസ്പര സ്നേഹത്തിനും ആഹ്വാനം ചെയ്ത നേതാക്കളാണ്. ലോക സമാധാനത്തിന് വേണ്ടി നിലകൊണ്ട ശൈഖ് സായിദിന്റെ പേരിലുള്ള സമാധാന സമ്മേളനം എന്തും കൊണ്ടും ഇന്ത്യയില്‍ സംഘടിപ്പിക്കാന്‍ അനുയോജ്യമാണ്.

വിദ്യാഭ്യാസത്തിന് ഏറ്റവുമധികം പ്രാധാന്യം നല്‍കുന്ന നാടാണ് കേരളം. 650 കൊല്ലം മുമ്പ് ഒരു ഹിന്ദു സഹോദരന്‍ നിര്‍മ്മിച്ചു കൊടുത്ത മസ്ജിദില്‍ ഞാന്‍ സന്ദര്‍ശനം നടത്തി. ഏതൊരു സന്ദര്‍ശകനെയും അത്ഭുതപ്പെടുത്തുന്ന ചാരുതയോടെ ആ പള്ളി ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. 

വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെ കൊടികള്‍ കെട്ടി മതചിഹ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മതാചാരപ്രകാരം വസ്ത്രം ധരിച്ച നിരവധി പേര്‍ വാഹനങ്ങളില്‍ പോകുന്നത് കണ്ടു. അവര്‍ പ്രമുഖ ക്ഷേത്രത്തിലേക്ക് ആരാധനക്കായി പോകുന്ന ഹിന്ദുക്കളാണെന്ന് എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു. 

മുസ്ലിം പള്ളിയിലെ ഇമാമില്‍ നിന്ന് കരിക്കിന്‍ വെള്ളം കുടിച്ചാണ് അവര്‍ അവരുടെ ക്ഷേത്രത്തിലേക്ക് പോകാറുള്ളത്. ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ഇങ്ങനെ ഈ മുസ്ലിം പണ്ഡിതനില്‍ നിന്ന് വെള്ളം കുടിച്ച് അവരുടെ ക്ഷേത്രത്തിലേക്ക് പോകുന്നുവെന്നത് കേരളത്തിന്റെ മത സാഹോദര്യത്തെയാണ് സൂചിപ്പിക്കുന്നത്. കേരളം സ്നേഹത്തിന്റെയും സഹവര്‍ത്തിത്തത്തിന്റെയും നാടാണ്. അന്നാട്ടുകാര്‍ മാന്യരുമാണ്.

Latest News