റേഷന്‍ കടകളിലും പൊതിയിലും മോഡി ചിത്രവും താമരയും കാണിക്കണം; സംസ്ഥാനങ്ങളോട് ബിജെപി

ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന്‍മന്ത്രി ഗരിബ് കല്യാണ്‍ അന്ന യോജനയുടെ ഭാഗമായി സൗജന്യ റേഷന്‍ വിതരണം ചെയ്യുന്ന റേഷന്‍ കടകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രവും ബിജെപി ചിഹ്നമായ താമരയും പ്രദര്‍ശിപ്പിക്കണമെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കി. കോവിഡ് മാഹാമാരി മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിന് ഈ സൗജന്യ റേഷന്‍ പദ്ധതി കേന്ദ്രം നവംബര്‍ വരെ നീട്ടിയിരുന്നു. ഒരു മാസം ഒരാള്‍ക്ക് അഞ്ച് കിലോ ധാന്യം സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം 80 കോടി ജനങ്ങളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍.

കേന്ദ്രം കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതില്‍ പരാജയപ്പെട്ടത് പാര്‍ട്ടിക്ക് വലിയ ക്ഷീണമായതോടെ പ്രതിച്ഛായ മെച്ചപ്പെടുത്തലിനായി ഈ പദ്ധതിയുടെ പേരും ഉപയോഗപ്പെടുത്താനാണ് ബിജെപി ശ്രമം. ഈ സൗജന്യ റേഷന്‍ പദ്ധതിക്ക് നിര്‍ബന്ധമായും വലിയ പ്രചാരണം നല്‍കണമെന്ന് സംസ്ഥാന ബിജെപി കമ്മിറ്റികള്‍ക്ക് അയച്ച കത്തില്‍ ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ആവശ്യപ്പെടുന്നു. ഇത് എങ്ങനെ ചെയ്യണമെന്നതിനുള്ള നിര്‍ദേശങ്ങളും കത്തിലുണ്ട്. 

മോഡിയുടെ ചിത്രവും താമരയും കാണിക്കുന്ന ബോര്‍ഡുകള്‍ റേഷന്‍ കടകളില്‍ സ്ഥാപിക്കുന്നതിനു പുറമെ അരിവിതരണം ചെയ്യുന്ന പൊതികളിലും താമര ചിഹ്നം പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇവ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍മാര്‍ ഉറപ്പുവരുത്തണം. റേഷന്‍ പൊതികളിലും മോഡി ചിത്രവും താമരയും ഉണ്ടെന്ന് എംഎല്‍എമാരും എംപിമാരും ഉറപ്പുവരുത്തണമെന്നും പാര്‍ട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെടുന്നു.

Latest News