മനാമ- ഇന്ത്യയില്‍ ശക്തിപ്പെട്ട വെറുപ്പിന്റെ ശക്തികളോട് പൊരുതാന്‍ എനിക്ക് നിങ്ങളുടെ സഹായം വേണം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ മനാമ ഗള്‍ഫ് ഹോട്ടലിലെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തിങ്ങിനിറഞ്ഞ നൂറുകണക്കിനു പ്രവാസികള്‍ ആവേശത്തോടെ ഏറ്റുവാങ്ങി.

ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഒറിജിന്‍ (ഗോപിയോ) സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി നടത്തിയ വിദേശ യാത്രയിലാണ് അദ്ദേഹം ബഹ്്‌റൈനിലെത്തിയത്.
നിങ്ങളുടെ നാട് ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. അതിനുള്ള പരിഹാരത്തില്‍ നിങ്ങള്‍ ഓരോരുത്തരും പങ്കാളികളാകണം. ഇന്ത്യയിലെ വിദ്വേഷത്തിന്റെ ശക്തികള്‍ക്കെതിരായ പോരാട്ടത്തിനാണ് എനിക്ക് നിങ്ങളുടെ സഹായം വേണ്ടത്. നിങ്ങളുടെ രാജ്യസ്‌നേഹവും സന്മനോഭാവവും നൈപുണ്യവുമൊക്കെയാണ് ഇന്ത്യക്ക് ഇന്ന് ആവശ്യം. നിങ്ങള്‍ യാത്ര ചെയ്ത രാജ്യങ്ങളെ നിര്‍മിച്ച് നങ്ങള്‍ കാണിച്ചു തന്നു. ഇനി ഇന്ത്യയുടെ പുനര്‍നിര്‍മാണത്തിനും നിങ്ങള്‍ സഹായിക്കണം- രാഹുല്‍ അഭ്യര്‍ഥിച്ചു.

ഇന്ത്യന്‍ തെരുവുകളില്‍ അസ്വസ്ഥതയും രോഷവും വ്യാപിക്കുകയാണ്. തങ്ങളുടെ ഭാവിയെ കുറിച്ച് ഇന്ത്യന്‍ യുവത അനിശ്ചിതത്വത്തിലായിരിക്കയാണ്. ഇന്തന്‍ ഗവണ്‍മെന്റ് നിര്‍വഹിക്കുന്ന ഓരോ കാര്യവും യുവാക്കളുടെ രോഷം വര്‍ധിപ്പിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

ഇംഗ്ലീഷിലും ഹിന്ദിയിലുമായി രാഹുല്‍ നടത്തിയ 20 മിനിറ്റ് പ്രസംഗം ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെല്ലാം സ്പര്‍ശിച്ചു കൊണ്ടായിരുന്നു. ബഹ്‌റൈന്റെ അതിഥിയായി എത്തിയ രാഹുല്‍ ഗാന്ധി കിരീടാവകാശി ശൈഖ് സമല്‍മാന്‍ ബിന്‍ അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി താല്‍പര്യമുള്ള നിരവധി വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.






