ആമിര്‍ ഖാനും ഭാര്യ കിരണും വേര്‍പ്പിരിഞ്ഞു; കുടുംബമായി തന്നെ തുടരുമെന്ന്

മുംബൈ- 15 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ബോളിവുഡ് താരം ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും വേര്‍പ്പിരിഞ്ഞു. ഒരു സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. 'ഭാര്യയും ഭര്‍ത്താവും അ്‌ലലാതെ ഞങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്. ഇനി ഞങ്ങള്‍ രക്ഷിതാക്കളും പരസ്പരം കുടുംബവുമായി തുടരും,' ശനിയാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍ ഇരുവരും പറഞ്ഞു. ആമിര്‍ നായകനായ ലഗാന്‍ സെറ്റില്‍വച്ചാണ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കിരണിനെ ആമിര്‍ ആദ്യമായി കണ്ടുമുട്ടുന്നത്. വേര്‍പ്പിരിയില്‍ കുറച്ച് നേരത്തെ പ്ലാന്‍ ചെയ്തതായിരുന്നു. ഇപ്പോഴാണ് ഔപചാരികമായി നടപടികള്‍ പൂര്‍ത്തിയായത്. വേര്‍പ്പിരിഞ്ഞ് കഴിയുകയാണെങ്കിലും ഒരു കുടുംബം പോലെ തുടരുമെന്നും അവര്‍ പറഞ്ഞു. മകന്‍ ആസാദിന്റെ രക്ഷിതാക്കളായി ഞങ്ങള്‍ തുടരും. ഞങ്ങള്‍ ഒന്നിച്ച് അവനെ വളര്‍ത്തും. സിനിമകളിലും പാനി ഫൗണ്ടേഷന്‍ പോലുള്ള ഞങ്ങളുടെ ഇഷ്ട പദ്ധതികളിലെല്ലാം തുടര്‍ന്നും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും ഇരുവരും വ്യക്തമാക്കി.

ആമിര്‍ നേരത്തെ റീന ദത്തയെ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തില്‍ ഇറ ഖാന്‍, ജുനൈദ് എന്നീ രണ്ടു മക്കളും ഉണ്ട്. റീനയുമായി വേര്‍പ്പിരിഞ്ഞ ശേഷമാണ് കിരണിനെ ആമിര്‍ വിവാഹം ചെയ്തത്. 
 

Latest News