കോവിഡ് സാറ സ്യോസ്‌ട്രോമിന്റെ ഒളിംപിക് സ്വപ്‌നം തകിടം മറിക്കേണ്ടതായിരുന്നു. മഹാമാരിയുടെ കാലത്താണ് സ്വീഡിഷ് നീന്തൽതാരത്തിന്റെ വലതു കൈ ഒടിഞ്ഞത്. മെറ്റൽ പ്ലേറ്റും ആറ് സ്‌ക്രൂകളും കൊണ്ട് തുന്നിച്ചേർത്ത കൈകളുമായാണ് ഇരുപത്തേഴുകാരി ഒളിംപിക്‌സിൽ മത്സരിക്കാനെത്തുക. സാധാരണകാലത്താണെങ്കിൽ ഈ സമയത്ത് സാറ പരിശീലനത്തിനായി ചൂട് കാലാവസ്ഥയുള്ള നാടുകളിലേക്ക് ചേക്കേറും. പക്ഷെ കോവിഡ് എല്ലാം തകിടം മറിച്ചു. മഞ്ഞുറഞ്ഞ സ്വീഡനിൽ നിന്ന് പുറത്തുപോവാനായില്ല. ഫെബ്രുവരിയിൽ മഞ്ഞിൽ തെന്നിവീണ് ഉണ്ടായ അപകടത്തിലാണ് കൈയൊടിഞ്ഞത്. 16 തുന്നലുകൾ വേണ്ടിവന്നു എല്ലാം കൂടി ചേർത്തുനിർത്താൻ. കൈയിൽ വരച്ചുചേർത്ത ഒളിംപിക് വലയത്തിന്റെയും സ്വീഡിഷ് പതാകയുടെയും സമീപത്തുവരെ നീളുന്നു ശസ്ത്രക്രിയയുടെ മുറിവുകൾ. നീന്തൽ ഉപേക്ഷിക്കേണ്ടി വരുമെന്ന് കരുതിയതായിരുന്നു. ഒരു കൈകൊണ്ട് നീന്തിയാണ് പരിശീലനം നിലനിർത്തിയത്.
100 മീറ്റർ ബട്ടർഫ്‌ളൈയിൽ നിലവിലെ ഒളിംപിക് ചാമ്പ്യനാണ് സാറ. എട്ട് തവണ ലോക ചാമ്പ്യനായി. 50 മീറ്റർ, 100 മീറ്റർ ഫ്രീസ്റ്റൈലിലും ബട്ടർഫ്‌ളൈയിലും ലോക റെക്കോർഡിന് ഉടമയാണ്. 2009 ൽ പതിനഞ്ചാം വയസ്സിലായിരുന്നു സാറ ആദ്യം ലോക റെക്കോർഡ് സ്ഥാപിച്ചത്. റിയൊ ഒളിംപിക്‌സിൽ 100 മീറ്റർ ബട്ടർഫ്‌ളൈയിൽ ലോക റെക്കോർഡോടെ സ്വർണം നേടി. ശസ്ത്രക്രിയ ചെയ്ത കൈയുമായി മത്സരിക്കാനെളുപ്പം ഫ്രീസ്റ്റൈലാണ്. പക്ഷെ കൈകൾ വട്ടം കറക്കേണ്ട ബട്ടർഫ്‌ളൈയോടാണ് സാറക്ക് താൽപര്യം.