ഖത്തർ ഒളിംപിക് ടീമിലെ ഏക തുഴച്ചിൽകാരിയാണ് താല അബൂജബ്‌റ. ബാസ്‌കറ്റ്‌ബോളിലായിരുന്നു താലക്ക് ആദ്യം താൽപര്യം. നീളമേറിയ ഇരുപത്തെട്ടുകാരിയുടെ സാധ്യതകൾ കണ്ടറിഞ്ഞ കോച്ചിന്റെ നിർദേശപ്രകാരം വെള്ളത്തിലെ ജീവിതം സ്വീകരിക്കുകയായിരുന്നു. 2019 ൽ ഓസ്ട്രിയയിലെ ലിൻസിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ വനിതാ സിംഗിൾ സ്‌കള്ളിലെ മികച്ച പ്രകടനത്തിന്റെ ആത്മബലത്തിലാണ് താല ടോക്കിയോയിലെത്തുന്നത്. ദോഹക്ക് വടക്കുള്ള കൃത്രിമ ജലാശയത്തിൽ കൊടുംചൂടിൽ ഒളിംപിക്‌സിനായി തീവ്രപരിശീലനത്തിലാണ് താല.
അമേരിക്കയിൽ പഠിക്കുന്ന കാലത്താണ് താല തുഴച്ചിൽ കാര്യമായെടുക്കുന്നത്. 2018 ൽ കുവൈത്തിൽ നടന്ന അറബ് ചാമ്പ്യൻഷിപ്പിൽ ശ്രദ്ധ പിടിച്ചുപറ്റി. 2019 ലോ ലോക ചാമ്പ്യൻഷിപ്പിൽ ഇരുപത്താറാം സ്ഥാനത്തെത്തിയതോടെയാണ് ആത്മവിശ്വാസം വർധിച്ചത്. അതോടെ ഒളിംപിക്‌സിൽ മത്സരിക്കണമെന്ന മോഹമുദിച്ചു.
അമേരിക്കയിൽ താലക്കൊപ്പം തുഴയാൻ ഒരു ടീം ഉണ്ടായിരുന്നു. ഖത്തറിൽ താല ഒറ്റക്കാണ്. പഠനം പൂർത്തിയാക്കി ഖത്തറിൽ തിരിച്ചെത്തിയ ശേഷം ഒറ്റക്കുള്ള പരിശീലനം വലിയ വെല്ലുവിളിയായിരുന്നു. താല പരിശീലനം നടത്തുന്നതു പോലും അധികമാരും അറിയാറില്ല. ദോഹയിലെ ആസ്പയർ സ്‌പോർട്‌സ് അക്കാദമിയിലായിരുന്നു താലയുടെ ജോലി. സഹപ്രവർത്തകർ സ്‌പോർട്‌സ് സയന്റിസ്റ്റുകളും കോച്ചുകളുമാണെന്നത് വലിയ പിന്തുണയായി. അവരിലൊരാളുടെ ഭാര്യ തുഴച്ചിൽ കോച്ചായിരുന്നു. ഒളിംപിക്‌സിൽ തനിക്ക് മത്സരിക്കാനുള്ള അവസരം കിട്ടുമെന്ന് അവരാണ് കണ്ടെത്തിയത്.
ടീം സ്‌പോർട്‌സിനെ സ്‌നേഹിക്കുന്ന താൻ ഇപ്പോഴും പുതിയ സാഹചര്യവുമായി പൂർണമായി ഇണങ്ങിയിട്ടില്ലെന്ന് അവർ പറയുന്നു. താലയുടെ സഹോദരി ഖത്തറിന്റെ ഫെൻസിംഗ് ടീമിലുണ്ട്.
കോവിഡ് സാഹചര്യം താലയുടെ പദ്ധതികൾ താളം തെറ്റിച്ചു. ഒളിംപിക്‌സിനു ശേഷം മാസ്റ്റേഴ്‌സ് പൂർത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ ഒളിംപിക്‌സ് നീട്ടിയതോടെ പരിശീലനവും പഠനവും കൺസൾടിംഗ് ജോലിയും ഒന്നിച്ചുകൊണ്ടുപോവേണ്ട അവസ്ഥയാണ്. ആഴ്ചയിൽ 80 മണിക്കൂറോളം ജോലി. കഴിവുറ്റ നിരവധി വനിതാ താരങ്ങൾ എത്തുമെന്നിരിക്കെ തനിക്ക് മെഡൽ സാധ്യതയില്ലെന്ന് താലക്കറിയാം. എങ്കിലും ടോക്കിയോയിൽ നിന്ന് തലയുയർത്തി മടങ്ങാനാവുമെന്ന വിശ്വാസത്തിലാണ് അവർ.