മജ്‌ലിന്ദ കൽമാണ്ടി കോസൊവോക്ക് വെറുമൊരു ഒളിംപിക് ചാമ്പ്യനല്ല. പ്രതീക്ഷയുടെ പൊൻകിരണമാണ്. റിയോ ഒളിംപിക്‌സിൽ സ്വർണം നേടിയ ഈ മുപ്പതുകാരി കോസൊവോയുടെ ദേശീയ പ്രതീകമാണ്. ജന്മനാടായ പേയയിൽ കഴിഞ്ഞ വർഷം അവർ മജ്‌ലിന്ദയുടെ കൂറ്റൻ പ്രതിമ സ്ഥാപിച്ചു. റിയോയിലെ സുവർണനേട്ടം ടോക്കിയോയിലും ആവർത്തിക്കാനൊരുങ്ങുകയാണ് മജ്‌ലിന്ദ. കോസൊവോയുടെ ഒരേയൊരു ഒളിംപിക് മെഡലിസ്റ്റാണ് അവർ. രാജ്യത്തിന്റെ പ്രസിഡന്റ് വരെ മജ്‌ലിന്ദയുടെ ആരാധകരുടെ പട്ടികയിലുണ്ട്.
പേയ എന്ന മനോഹരമായ കുന്നിൻപ്രദേശം ഒരുകാലത്ത് പ്രശസ്തമായിരുന്നത് സന്ന്യാസിമഠങ്ങളുടെയും പ്രാദേശിക ബിയറിന്റെയും പേരിലായിരുന്നു. മജ്‌ലിന്ദയുടെ നാടായാണ് ഇന്ന് അത് അറിയപ്പെടുന്നത്. ജൂഡോ ഇവിടെ തഴച്ചുവളരുന്നു. റിയോയിൽ കോസൊവൊ ടീമിലെ ഏക ജൂഡൊ താരമായിരുന്നു മജ്‌ലിന്ദ. ടോക്കിയോയിൽ അഞ്ചു പേരുണ്ട്. അഞ്ചു പേരും പേയയിൽ നിന്നാണ്.
മജ്‌ലിന്ദ ഒളിംപിക് ചാമ്പ്യൻ മാത്രമല്ല, 52 കിലൊ വിഭാഗത്തിൽ എല്ലാ തലത്തിലും അവർ മെഡൽ നേടിയിട്ടുണ്ട്. സഹോദരിയിൽ നിന്നായിരുന്നു പ്രചോദനം. സ്ലോബദോൻ മിലോസവിച്ചിന്റെ സെർബ് സേനക്കെതിരെ കോസൊവോയിൽ സ്വാതന്ത്ര്യപ്പോരാട്ടം പൊടിപൊടിക്കുന്ന ദുരിതകാലത്താണ് 1999 ൽ മജ്‌ലിന്ദ മടിച്ചുമടിച്ച് പരിശീലനം തുടങ്ങുന്നത്.
ആദ്യ സെഷനിൽ തന്നെ കോച്ച് ഡ്രിറ്റോൺ കൂക്കക്ക് മനസ്സിലായി മജ്‌ലിന്ദ ചില്ലറക്കാരിയല്ലെന്ന്. തകർന്നടിഞ്ഞ പേയയിലെ ചോർന്നൊലിക്കുന്ന ട്രെയ്‌നിംഗ് സെന്ററിലായിരുന്നു തുടക്കം.
സഹോദരിമാർ സ്‌പോർട്‌സ് അഭ്യസിക്കുന്നതിൽ മാതാപിതാക്കൾക്ക് സന്തോഷമായിരുന്നു. എങ്കിലും കുടുംബം അവധിക്കാലം ചെലവഴിക്കുമ്പോൾ അമ്മൂമ്മയുമൊത്ത് താമസിച്ച് പരിശീലനം നടത്തുക വലിയ വെല്ലുവിളിയായിരുന്നു. മാതാവ് ഫിക്‌രീതി കരാട്ടെ പരിശീലിച്ചിരുന്നു, മാതാപിതാക്കൾ അധികം പ്രോത്സാഹിപ്പിച്ചില്ല. പിതാവ് ഇസ്മത് പ്രൊഫഷനൽ ഫുട്‌ബോളറായിരുന്നു.
ഈ വർഷമാദ്യം വയോസ ഉസ്മാനി കോസൊവൊ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ആദ്യം ക്ഷണിക്കപ്പെട്ടവരിലൊരാൾ മജ്‌ലിന്ദയാണ്. സ്വതന്ത്ര രാജ്യമായി അംഗീകരിക്കപ്പെടാനുള്ള കോസൊവോയുടെ ശ്രമങ്ങൾക്ക് മജ്‌ലിന്ദ കരുത്തു പകരുമെന്ന് പലരും കരുതുന്നു.
ഇന്റർനാഷനൽ സ്‌പോർട്‌സ് മേളകൾക്ക് കോസൊവോയുടെ വാതിൽ തുറക്കുന്നതിൽ മജ്‌ലിന്ദ വലിയ പങ്കുവഹിച്ചുവെന്നും സ്‌പോർട്‌സ് നയതന്ത്രം പ്രധാനമാണെന്നും കോസൊവൊ ഒളിംപിക് കമ്മിറ്റി അധ്യക്ഷൻ ഇസ്മത് ക്രാസ്‌നീഖി പറയുന്നു.