മനോഹരമായി പ്രണയാഭ്യര്‍ഥന നടത്തൂ,  എന്നിട്ടാവാം വിവാഹം-രശ്മിക മന്ദാന

മുംബൈ-വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ആരാധകരുള്ള താരമായി മാറിയ നടിയാണ് രശ്മിക മന്ദാന. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ക്ക് പുറമെ ബോളിവുഡ് സിനിമാ ലോകത്തും തിരക്കിലാണ് രശ്മിക മന്ദാന. ബോളിവുഡില്‍ രണ്ട് ചിത്രങ്ങളാണ് രശ്മികയുടേതായി ഒരുങ്ങുന്നത്. സുല്‍ത്താനിലൂടെ തമിഴിലും രശ്മിക അരങ്ങേറ്റം കുറിച്ചു.
എത്ര തിരക്കാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിയ്ക്കാന്‍ നടി കുറച്ച് സമയം മാറ്റി വയ്ക്കാറുണ്ട്. ആരാധകരുമായി തന്റെ വിശേഷങ്ങള്‍ എപ്പോഴും പങ്കുവെക്കാറുള്ള നടി അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കാറുണ്ട്
ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ ദിവസം നടി എന്നോട് എന്തും ചോദിക്കാം എന്ന ഒരു സെക്ഷന്‍ വച്ചിരുന്നു. അതോടെ ചോദ്യങ്ങളുമായി ആരാധകരുടെ പ്രവാഹമായിരുന്നു. ചില ചോദ്യങ്ങള്‍ ബാലിശവും മറ്റു ചിലത് രസകരവും വിചിത്രവും ആയിരുന്നു. ദിവസം എത്ര പാക്ക് സിഗരറ്റ് വലിയ്ക്കും എന്നായിരുന്നു ഒരു ആരാധകന് അറിയേണ്ടിയിരുന്നത്.
സിഗരറ്റിനോട് തനിക്ക് വെറുപ്പാണ് എന്ന് രശ്മിക മന്ദാന പറഞ്ഞു. സിഗരറ്റ് വലിക്കുന്നവരുടെ അടുത്ത് നില്‍ക്കാന്‍ പോലും തനിക്ക് കഴിയില്ലെന്നും രശ്മിക മന്ദാന പറഞ്ഞു.'എനിക്ക് പുകവലിയ്ക്കുന്ന ശീലം ഇല്ല. എനിക്ക് അരികില്‍ നിന്ന് ആരെങ്കിലും പുകവലിച്ചാല്‍ എന്നെ സംബന്ധിച്ച് അത് വളരെ പ്രയാസമുള്ള കാര്യമാണ്. ഒട്ടും കംഫര്‍ട്ട് അല്ലാത്തത് പോലെ അനുഭവപ്പെടും' എന്ന് നടി വ്യക്തമാക്കി.
വിജയ് ദേവരകൊണ്ടയ്ക്കും അല്ലു അര്‍ജ്ജുനും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചായിരുന്നു മറ്റു ചില ചോദ്യങ്ങള്‍. വിജയിയെ കുറിച്ച് ഒറ്റ വാക്കില്‍ പറയാമോ എന്ന് ചോദിച്ചപ്പോള്‍, 'സ്‌നേഹം' എന്നായിരുന്നു രശ്മികളുടെ മറുപടി. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള അടുത്ത ചിത്രം ഉടന്‍ സംഭവിയ്ക്കുമെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി രശ്മിക പറഞ്ഞു.
താങ്കളെ വിവാഹം ചെയ്യാന്‍ എന്ത് ചെയ്യണം എന്ന് ചോദിച്ച ആരാധകനോട് രശ്മിക പ്രതികരിച്ച രീതിയും വളരെ രസകരമായിരുന്നു. 'ആദ്യം നിങ്ങള്‍ എന്നോട് മനോഹരമായി പ്രണയാഭ്യര്‍ത്ഥന നടത്തൂ' എന്നായിരുന്നു മറുപടി.
 

Latest News