ഇന്ത്യയുമായുള്ള റഫാല്‍ ഇടപാടിലെ അഴിമതി ഫ്രാന്‍സ് അന്വേഷിക്കുന്നു

പാരിസ്- 2016ല്‍ ഇന്ത്യയുമായി ഒപ്പുവച്ച 58,000 കോടി രൂപയുടെ റഫാല്‍ പോര്‍വിമാന കരാറില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചതായി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഫ്രഞ്ച് ദേശീയ ഏജന്‍സിയായ പിഎന്‍എഫ് അറിയിച്ചു. ഒരു ജഡ്ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 36 ഇരട്ട എഞ്ചിന്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യയ്ക്കു വില്‍ക്കാനുള്ള കരാറില്‍ തുടക്കം മുതല്‍ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു എങ്കിലും പിഎന്‍ഫ് അന്വേഷണം നടത്താന്‍ നേരത്തെ വിസമ്മതിച്ചിരുന്നു. ഈ കരാറിനെ ചുറ്റിപ്പറ്റിയുള്ള അഴിമതി സംശയങ്ങള്‍ മറച്ചുവെക്കാന്‍ ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജന്‍സി ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫ്രഞ്ച് അന്വേഷണാത്മക വാര്‍ത്താ പോര്‍ട്ടലായാ മീഡിയാപാര്‍ട്ട് വിശദമായ റിപോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. റഫാല്‍ പോര്‍വിമാനം നിര്‍മ്മിക്കുന്ന കമ്പനിയായ ദാസോ ഈ കരാര്‍ ഒപ്പിച്ചെടുത്തത് ലക്ഷക്കണക്കിന് യൂറോ ഇടനിലക്കാര്‍ക്ക് കോഴ നല്‍കിയാണെന്നും മീഡിയാപാര്‍ട്ട് റിപോര്‍ട്ട് ചെയ്തിരുന്നു. ഈ ഇടപാടില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയിരിക്കാമെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ഏപ്രിലില്‍ ഈ റിപോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പുറത്തു കൊണ്ടുവരുന്ന സന്നദ്ധ സംഘടനയായ ഫ്രാന്‍സിലെ ഷെര്‍പ ആണ് റഫാല്‍ ഇടപാടിനെതിരെ ഔപചാരികമായി ഒരു പരാതി നല്‍കിയത്. ഇതോടെ മജിസ്‌ട്രേറ്റിനെ നിയോഗിച്ച് കരാര്‍ അന്വേഷിക്കേണ്ടി വന്നു. 2018ലും റഫാല്‍ ഇടപാട് അന്വേഷിക്കണമെന്ന് ഷെര്‍പ ആവശ്യപ്പെട്ടിരുന്നെങ്കിലും പിഎന്‍എഫ് ഈ ആവശ്യം തള്ളുകയായിരുന്നു. 

Latest News