റിയാദ് - ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ബജറ്റ് വിമാന കമ്പനിയായ ഫ്ളൈഅദീലിന്റെ അന്താരാഷ്ട്ര സർവീസിന് തുടക്കമായി. റിയാദിൽ നിന്ന് ദുബായിലേക്കാണ് ഫ്ളൈഅദീൽ ആദ്യ അന്താരാഷ്ട്ര സർവീസ് ആരംഭിച്ചിരിക്കുന്നത്. യാത്രക്കാർക്ക് എല്ലാവിധ സേവനങ്ങളും നൽകാൻ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലും എല്ലാവിധ തയാറെടുപ്പുകളും കമ്പനി പൂർത്തിയാക്കിയിട്ടുണ്ട്.
റിയാദിൽ നിന്ന് ദുബായിലേക്കും തിരിച്ചും പ്രതിദിനം രണ്ടു സർവീസുകൾ വീതം ഇരുദിശകളിലേക്കുമായി ആകെ നാലു സർവീസുകളാണ് ഫ്ളൈഅദീൽ നടത്തുന്നത്. പുതിയ ബജറ്റ് സർവീസുകൾ സൗദി അറേബ്യക്കും യു.എ.ഇക്കുമിടയിൽ വിമാന യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാനും സഹായിക്കും.