ന്യൂദല്‍ഹി- സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ചു സുപ്രീം കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കേണ്ടെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്കി.
2016 നവംബര്‍ 30 ലെ സുപ്രീം കോടതി ഉത്തരവിന് മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കണമെന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നലെ നല്കിയ അഞ്ചു പേജ് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ ഗാനം ആലപിക്കുന്നതു സംബന്ധിച്ചു മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നതിനായി മന്ത്രിതല സമിതി രൂപീകരിക്കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. വിശാല ചര്‍ച്ചകള്‍ക്ക് ശേഷമേ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാനാകൂ. ഇതിനായി ആറുമാസത്തെ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപീകരിച്ചാല്‍ ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ ഇറക്കുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ഉറപ്പു നല്കി.
2016 നവംബര്‍ 30ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ചുമതല ഏല്ക്കുന്നതിനു മുമ്പ് അദ്ദേഹം അധ്യക്ഷനായ ബെഞ്ച് തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ട് ദേശീയഗാനം വെക്കുന്ന സമയത്ത് എഴുന്നേറ്റു നില്‍ക്കണമെന്ന് ഉത്തരവിട്ടിരുന്നു. മാതൃരാജ്യത്തോടുള്ള ജനങ്ങളുടെ സ്നേഹം പ്രകടമാക്കുന്നതിനാണ് ഇതെന്നും സുപ്രീംകോടതി വിശദീകരിച്ചിരുന്നു. ദേശീയ ഗാനത്തെ ഇത്തരത്തില്‍ ആദരിക്കുന്നത് ദേശീയ തിരിച്ചറിവും ദേശീയ ഐക്യവും ഭരണഘടനാപരമായ രാജ്യസ്നേഹവും പ്രകടമാക്കാന്‍ ഉപകരിക്കുമെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്. ഉത്തരവിനെതിരേ സുപ്രീംകോടതിയില്‍ നിന്നുതന്നെ വിമര്‍ശനം പിന്നീട് ഉയര്‍ന്നിരുന്നു. ഒക്ടോബര്‍ 2017ല്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് രാജ്യസ്നേഹം ചുമലില്‍ അണിയേണ്ട ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ഉത്തരവിനെതിരെ കേരളത്തില്‍നിന്നുള്ള കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്കിയ ഹരജി പരിഗണിക്കവേയാണ് അടുത്തതായി ജനങ്ങള്‍ ദേശീയ ഗാനത്തെ ആദരിക്കേണ്ടതിനായി തിയേറ്ററുകളില്‍ ടീ ഷര്‍ട്ടും ഷോര്‍ട്സും ധരിക്കരുതെന്ന നിബന്ധന വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ഇതേ തുടര്‍ന്ന് ദേശീയ ഗാനം തിയേറ്ററുകളില്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് ഏതവസരത്തിലാണ് ദേശീയ ഗാനത്തെ ബഹുമാനിക്കേണ്ടതെന്നും അതിനുള്ള മാനദണ്ഡങ്ങളും നിബന്ധനകളും വ്യക്തമാക്കി വിജ്ഞാപനം ഇറക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.