ന്യൂദല്‍ഹി- വിവിധ രാജ്യങ്ങളില്‍ കോവിഡ് ഡെല്‍റ്റ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സെപ്റ്റംബറോടെ എല്ലാ രാജ്യത്തും ജനസംഖ്യയുടെ പത്ത് ശതമാനത്തിനെങ്കിലും വാക്സിന് നല്കാന് സാധിക്കണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ഡോ. ടെഡ്രോസ് അഥനം ഗബ്രിയേസസ്.
കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാനും ആഗോള സമ്പദ്ഘടനയെ വീണ്ടും ഉണര്‍ത്താനും ഇതുമാത്രമാണ് വഴിയെന്നും അദ്ദേഹം പറഞ്ഞു.
ചില രാജ്യങ്ങളില്‍ വാക്സിനേഷന് ഉയര്‍ന്ന തലത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ മറ്റു പല രാജ്യങ്ങളിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വയോജനങ്ങള്‍ക്കു പോലും കുത്തിവെപ്പ് നടത്താന്‍ സാധിച്ചിട്ടില്ല- ഇന്ത്യാ ഗ്ലോബല്‍ ഫോറത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ചില രാജ്യങ്ങളില്‍ വാക്സിനേഷന് നടക്കുന്നില്ലെങ്കില്‍ അത് എല്ലാ രാജ്യങ്ങള്‍ക്കും ഭീഷണിയാണ്. അതുകൊണ്ടു തന്നെ സെപ്റ്റംബറോടെ എല്ലാ രാജ്യത്തും ജനസംഖ്യയുടെ പത്ത് ശതമാനത്തിനെങ്കിലും കുത്തിവെപ്പ് നടത്താന്‍ ആഗോള ശ്രമമുണ്ടാകണം. വര്‍ഷാവസാനത്തോടെ 40 ശതമാനം ജനങ്ങള്‍ക്കും വാക്സിന് നല്‍കിയിരിക്കണം. അടുത്ത വര്‍ഷം മധ്യത്തോടെ 70 ശതമാനത്തിലെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.