മകനെ അമ്മ പീഡിപ്പിച്ച കേസിൽ പുതിയ ആരോപണം: പോലീസ് ഭീഷണിപ്പെടുത്തിയെന്ന് അമ്മ

തിരുവനന്തപുരം- മകനെ അമ്മ പീഡിപ്പിച്ചുവെന്ന കേസിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി അമ്മ. കേസിൽ താൻ നിരപരാധിയാണെന്ന് കണ്ടെത്തിയതിൽ തൃപ്തിയുണ്ടെങ്കിലും റിപ്പോർട്ടിൽ മകനെ കുറ്റക്കാരനാക്കി ചിത്രീകരിച്ചിരിക്കുകയാണെന്ന് അമ്മ ആരോപിച്ചു. കള്ളക്കേസിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ലെന്നും സംഭവത്തിൽ കടയ്ക്കാവൂർ പോലീസിനെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

നിലവിൽ മകന്റെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് പോലീസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കുട്ടിയുടെ മൊഴി മാത്രമാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ ഭർത്താവ് മകനെകൊണ്ട് നിർബന്ധിച്ച് മൊഴി കൊടുപ്പിച്ചതാണെന്ന് പറയുന്നില്ല. ഭർത്താവിനും അവരുടെയൊപ്പം താമസിക്കുന്ന സ്ത്രീക്കും ഈ കേസിൽ പങ്കുണ്ട്. അതൊന്നും റിപ്പോർട്ടിൽ പറയുന്നില്ല. കള്ളക്കേസിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പുറത്തുകൊണ്ടുവരണം. 

കേസുമായി ബന്ധപ്പെട്ട് കടയ്ക്കാവൂർ പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആർ വ്യാജമാണ്. എഫ്.ഐ.ആറിൽ ആദ്യം ഇൻഫോർമറായി ചേർത്തിരുന്നത് ചൈൽഡ് വെൽഫയർ കമ്മിറ്റി ഉദ്യോഗസ്ഥയെയാണ്. എന്നാൽ പിന്നീട് പോലീസ് പറഞ്ഞത് കുട്ടി തന്നെ കൗൺസിലിങ്ങിൽ വെളിപ്പെടുത്തിയെന്നാണ്. അതിനാൽ പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആർ. വ്യാജമാണ്. ഈ കേസിന്റെ പേരിൽ കടയ്ക്കാവൂർ പോലീസ് മാനസികമായി ഒരുപാട് പീഡിപ്പിച്ചു. മോശമായി പെരുമാറി. ചീത്തവിളിച്ചു. മൂന്നാമത്തെ കുട്ടിയെ ഭർത്താവിന് വിട്ടുകൊടുത്താൽ കേസ് പിൻവലിക്കാമെന്ന് എസ്.ഐ. പറഞ്ഞതായും യുവതി ആരോപിച്ചു.

പോക്‌സോ കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ ജീവിതത്തിൽ ഒരുപാട് വിഷമങ്ങളുണ്ടായി. പ്രായമേറിയ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. നേരത്തെ ചെറിയ ഒരു ജോലിയുണ്ടായിരുന്നു. ഇപ്പോൾ അതുമില്ല. വളരെ ബുദ്ധിമുട്ടിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും യുവതി പറഞ്ഞു.
 

Latest News