ദോഹ - ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നാളെ മുതൽ ജൂലൈ 13 വരെ ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ശ്രീലങ്ക പിൻവലിച്ചു.
ഇന്നലെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഗൾഫിൽ നിന്നും വരുന്ന യാത്രക്കാരെ നിബന്ധനകൾക്ക് വിധേയമായി അനുവദിക്കും. യാത്രക്കാർ യാത്രയുടെ 96 മണിക്കൂർ മുമ്പെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം, സർട്ടിഫിക്കറ്റിന്റെ ആധികാരിക ഉറപ്പുവരുത്തുന്നതിന് സർട്ടിഫിക്കറ്റിൽ ബാർ കോഡോ ക്യു.ആർ. കോഡോ ഉണ്ടായിരിക്കണം, ശ്രീലങ്ക ടൂറിസത്തിന്റെ ബയോ ബബിൾ റൂട്ടിലൂടെ ഹോട്ടൽ ക്വാറന്റൈൻ ബുക്ക് ചെയ്തവരായിരിക്കണം എന്നിവയാണ് പ്രധാന നിബന്ധനകൾ.
തിങ്കളാഴ്ച ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ നൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് താൽക്കാലിക നിരോധനമേർപ്പെടുത്തി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ആ ഉത്തരവാണ് ഇന്നലെ തിരുത്തിയത്.






