ഇടുക്കി-അമിതമായി മൊബൈൽ ഉപയോഗിച്ചതിനും വലിയ തുകക്ക് റീചാർജ് ചെയ്തതിനും പിതാവ് വഴക്ക് പറഞ്ഞതിൽ മനംനൊന്ത് ഒൻപതാം ക്ലാസുകാരൻ ജീവനൊടുക്കി. കട്ടപ്പന സുവർണഗിരി കല്യാണത്തണ്ട് കറുകപ്പറമ്പിൽ ബാബു(രവീന്ദ്രൻ)- ശ്രീജ ദമ്പതികളുടെ മകൻ ഗർഷോം(14) ആണ് മരിച്ചത്. കട്ടപ്പന ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്.
മൊബൈൽ ഗെയിം കളിക്കാനായി കഴിഞ്ഞദിവസം ഗർഷോം 1500 രൂപക്ക് ഫോൺ റീചാർജ് ചെയ്തിരുന്നു. ഇതറിഞ്ഞതോടെ ചൊവ്വാഴ്ച്ച പിതാവ് ശകാരിച്ചിരുന്നു. തുടർന്ന് ഇന്നലെ രാവിലെ ബാബുവും ശ്രീജയും ജോലിക്കു പോയതിനുപിന്നാലെ ഗർഷോം മുറിയിൽകയറി കതകടച്ചു.  അനിയത്തിയും വല്യമ്മയും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഏലക്കാട്ടിൽ ജോലിക്കാരിയായ അമ്മ വിളിച്ചിട്ട് കിട്ടാതായതോടെ സമീപ വീട്ടിലെ പാസ്റ്ററെ വിളിച്ച് വിവരം അന്വേഷിച്ചു. പാസ്റ്റർ വന്നു നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ ഗർഷോമിനെ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സഹോദരി: ജിസിയ.
 







 
  
 