Sorry, you need to enable JavaScript to visit this website.

കോവിഡ് സാഹചര്യം തുടര്‍ന്നാല്‍ സമീപകാലത്ത് താന്‍  ദാരിദ്ര്യത്തിലാവാന്‍ സാധ്യതയുണ്ടെന്ന് സലീം കുമാര്‍

കോഴിക്കോട്- കോവിഡ് സാഹചര്യം ഈ വിധം തുടരുകയാണെങ്കില്‍ സമീപകാലത്ത് താന്‍ ദാരിദ്ര്യത്തിലെത്താന്‍ സാധ്യതയുണ്ടെന്ന് നടന്‍ സലീം കുമാര്‍. കോവിഡ് കാരണം നിരവധി പേര്‍ക്ക് ജോലിയില്ലാതായി. സാധാരണക്കാരുടെ ജീവിതം കോവിഡാനന്തരം ഭീകരമാകും. ഒരുപാട് ജോലികളാണ് ഒറ്റയടിക്ക് ഇല്ലാതാവുന്നതെന്നും സലീം കുമാര്‍ പറയുന്നു.
ഗൃഹലക്ഷ്മി മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. എന്താണ് നാളെയെന്ന് അറിയാത്ത അവസ്ഥയിലാണ് മനുഷ്യര്‍ ജീവിക്കുന്നത്. അത്തരത്തില്‍ ഒരു അരക്ഷിതാവസ്ഥ നേരിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
ഇനിയങ്ങോട്ട് അനിശ്ചിതത്ത്വം തന്നെ ആയിരിക്കും. ഈ അവസ്ഥ തുടര്‍ന്ന് പോവുകയാണെങ്കില്‍ സമീപ ഭാവിയില്‍ തന്നെ ഞാന്‍ എനിക്കൊരു ദാരിദ്ര്യം കാണുന്നുണ്ട്. സാധാരണക്കാരുടെ കാര്യം കോവിഡാനന്തരം ഭീകരമാവും. നമ്മള്‍ ശരിക്കും മരിച്ച് കഴിഞ്ഞിരിക്കുന്നു. ഇനി ഒന്നിനും നമ്മളെ ആവശ്യമില്ല. വീട്ടില്‍ ഇരുന്നാല്‍ എല്ലാം ഓണ്‍ലൈന്‍ വഴി ചെയ്യാം. ബില്ലുകള്‍ അടക്കാം, ബാങ്കിടപാടുകള്‍ നടത്താം. പുറത്തേക്ക് യാത്ര ചെയ്യേണ്ട. വേറൊരു മനുഷ്യനേയും കാണേണ്ട. ഇങ്ങനെ ഒക്കെയാകുമ്പോള്‍ ചുറ്റിലുമുള്ള എത്ര പേരുടെ ജീവിത മാര്‍ഗങ്ങളാണ് അടഞ്ഞ് പോകുന്നത്. ഓട്ടോറിക്ഷക്കാരനും ബസ് തൊഴിലാളിക്കുമൊക്കെ പണിയില്ലാതായി. കാരണം യാത്രകള്‍ വേണ്ടാതായി. എന്തൊക്കെ ഉദ്യോഗങ്ങളാണ് ഒറ്റയടിക്ക് ഇല്ലാതാവുന്നത്. ശരിക്കും മഹാമാരി കാലം ഇനിയാണ് വരാന്‍ പോകുന്നത്'- സലീം കുമാര്‍ പറഞ്ഞു.

Latest News