തിരുവനന്തപുരം- കോവിഡിന്റെ പേരു പറഞ്ഞ് സ്വകാര്യ സ്‌കൂൾ അധ്യാപകരുടെ ശമ്പളം വെട്ടിക്കുറച്ചെന്ന പരാതി അനേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ് കേരളത്തിലെ ആയിരക്കണക്കിന് സ്വകാര്യ സ്‌കൂൾ അധ്യാപകർക്കും ജീവനക്കാർക്കും പ്രതീക്ഷയേകുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറും സി.ബി.എസ്.ഇ റീജിയണൽ ഡയറക്ടറും പരാതിയെ കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്ക് ഉത്തരവിട്ടത്.
അധ്യാപകരുടെ ശമ്പളത്തിൽ 15 മുതൽ 50 ശതമാനം വരെ കുറവു വരുത്തിയെന്ന് പരാതിയിൽ പറയുന്നു. എന്നാൽ കുട്ടികളുടെ ഫീസിനത്തിൽ ഒരു കുറവും വരുത്തിയിട്ടില്ല.
ശമ്പളം കുറച്ചതു ചോദ്യം ചെയ്താൽ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തും. ഓൺലൈൻ വിദ്യാഭ്യാസമായതിനാൽ ഇരട്ടി ജോലിയാണെന്നും പരാതിയിൽ പറയുന്നു. വെട്ടിക്കുറച്ച ശമ്പളം കുടിശിക സഹിതം തിരികെ നൽകണമെന്നാണ് ആവശ്യം. വെള്ളയമ്പലത്തുള്ള സ്വകാര്യ സ്‌കൂൾ അധ്യാപികയായ മേഴ്‌സി മോൾ സമർപ്പിച്ച പരാതിയിലാണ് നടപടി. മേഴ്‌സിമോളുടെ പരാതിക്ക് പിന്നാലെ പലരും കമ്മീഷനിലേക്ക് പരാതി അയക്കുന്നുണ്ട്. അവയിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ആലംകോട് ലവ്‌ഡെയിൽ റെസിഡൻഷ്യൽ സ്‌കൂളിലെ അധ്യാപകർ നൽകിയ പരാതി. ശമ്പളം ലഭിക്കാത്തതിനാൽ അനുഭവിക്കുന്ന ദുരിതം അധ്യാപകർ ജൂൺ 27ന് കമ്മീഷനയച്ചുകൊടുത്ത പരാതിയിൽ പറയുന്നു. പ്രതികരിച്ചാൽ ജോലി ഇല്ലാതാകും. അതുകാരണം പലരും നിശ്ശബ്ദരാവുകയാണ്.