ഭോപാൽ- ബി.ജെ.പി സ്ഥാനാർത്ഥിക്ക് ചെരിപ്പുമാല. മധ്യപ്രദേശിൽ വരാനിരിക്കുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥി ദിനേശ് ശർമയെയാണ് പാർട്ടി പ്രവർത്തകർ തന്നെ ചെരിപ്പുമാല അണിയിച്ചത്. ഭോപാലിൽനിന്ന് 272 കിലോമീറ്റർ അകലെ ഡമോണ്ടിലാണ് സംഭവം. ഞായറാഴ്ച്ച വീടുകൾ കയറിയിറങ്ങി വോട്ടു ചോദിക്കുന്നതിനിടെയാണ് സംഭവം. മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാകാത്തതിൽ പ്രതിഷേധിച്ചാണ് സംഭവം. തന്റെ നേരെ ചെരിപ്പുമാല എറിഞ്ഞതിൽ ആ സ്ഥലത്തെ ആളുകൾ അസ്വസ്ഥരാണെന്നും ഞാനവരുടെ മകനെ പോലെയാണെന്നും ദിനേശ് ശർമ പറഞ്ഞു. ഒരാൾ ചെരിപ്പുമാലയുമായി വരുമ്പോൾ അവിടെനിന്ന് രക്ഷപ്പെടാൻ ദിനേശ് ശർമ്മ ശ്രമിക്കുന്നതായി വീഡിയോയിൽ കാണുന്നുണ്ട്. എന്നാൽ അധികം വൈകാതെ ശർമയുടെ കഴുത്തിൽ ചെരിപ്പുമാല കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 19 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഈ മാസം 17ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.