ദുബായ്- ഹോട്ടലിലെ സെക്യൂരിറ്റി അസിസ്റ്റന്റ് യൂറോപ്യന്‍ വനിതയുടെ 81,000 ദിര്‍ഹം അടിച്ചുമാറ്റിയ കേസില്‍ ദുബായ് ക്രിമിനല്‍ കോടതി വിചാരണ തുടങ്ങി.
കഴിഞ്ഞ ഏപ്രിലില്‍ യൂറോപ്യന്‍ വനിതയുടെ മുറിയില്‍ കയറി തുറന്നു കിടക്കുകയായിരുന്ന സേഫില്‍നിന്ന് 81,000 ദിര്‍ഹത്തിന്റെ വിവിധ കറന്‍സികള്‍ മോഷ്ടിച്ചുവെന്ന് പ്രതി അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ സമ്മതിച്ചു.
പതിനായിരം ദിര്‍ഹം ശമ്പളത്തില്‍ ഹോട്ടലില്‍ രണ്ടു വര്‍ഷം സെക്യൂരിറ്റി അസിസ്റ്റന്റായി ജോലി നോക്കിയ ആളാണ് പ്രതി. മുറികളും ജീവനക്കാരേയും പാര്‍ക്കിംഗ് കേന്ദ്രങ്ങളുമൊക്കെ നിരീക്ഷിക്കുകയായിരുന്നു ജോലി.
മോഷ്ടിച്ച പണത്തില്‍ പകുതി നാട്ടിലേക്കയച്ചതായും ബാക്കി ചെലവഴിച്ചതായും ആഫ്രിക്കന്‍ സ്വദേശിയായ പ്രതി പറഞ്ഞു.
പണം കാണാനില്ലെന്ന് യൂറോപ്യന്‍ വനിത ഹോട്ടല്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോള്‍ ഇയാള്‍ മുറിയില്‍ പ്രവേശിക്കുന്നത് കണ്ടുവെങ്കിലും മോഷണം സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.