വിസ്മയകേസ് പ്രതി കിരണിന് കോവിഡ്, ചൂലുമായി വീട്ടമ്മമാര്‍

കൊല്ലം- വിസ്മയയുടെ ദുരൂഹ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍കുമാറിനെ നിലമേലിലെ വിസ്മയയുടെ കുടുംബ വീട്ടില്‍ തെളിവെടുപ്പിന് എത്തിക്കുന്നത് അവസാന നിമിഷം പോലീസ് മാറ്റിവച്ചു. കിരണ്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

അതേസമയം കിരണിനെ വിസ്മയയുടെ കുടുംബ വീട്ടില്‍ തെളിവെടുപ്പിന് എത്തിക്കുമെന്നറിഞ്ഞ് വീട്ടമ്മമാര്‍ അടക്കം നൂറുകണക്കിനാളുകളാണ് റോഡരുകില്‍ തടിച്ചു കൂടിയത്. ചില വീട്ടമ്മമാര്‍ കൈയ്യില്‍ ചൂലും കൊണ്ടാണ് പ്രതിഷേധിക്കുവാന്‍ എത്തിയത്. ഇന്ന് കിരണിനെ തെളിവെടുപ്പിന് എത്തിച്ചിരുന്നുവെങ്കില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് കഠിനമായി അദ്ധ്വാനിക്കേണ്ടി വന്നേനെ. കൊവിഡ് സാഹചര്യത്തില്‍ ഇത് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമായിരുന്നു.

കഴിഞ്ഞദിവസം പോരുവഴിയിലെ ബാങ്കിലും വിസ്മയ തൂങ്ങിമരിച്ച വീട്ടിലും കിരണ്‍കുമാറിനെ എത്തിച്ച് തെളിവെടുത്തിരുന്നു. വിസ്മയ തൂങ്ങിമരിച്ച ശുചിമുറിയില്‍ കിരണ്‍കുമാറിന്റെ സാന്നിധ്യത്തില്‍ ഡമ്മി പരീക്ഷണവും നടത്തിയിരുന്നു. പോരുവഴിയിലെ ബാങ്ക് ലോക്കറില്‍ നിന്നു വിസ്മയക്ക് സ്ത്രീധനമായി ലഭിച്ച സ്വര്‍ണവും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

 

Latest News